keralavarma-sfi-banner

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ രംഗത്ത്. കേരളവർ‌മ്മ കോളേജിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിലെ വ്യാകരണപ്പിശക് ചൂണ്ടിക്കാട്ടിയായിരുന്നു ജയശങ്കറിന്റെ പരിഹാസം.

''ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്. Your dal will not cook here എന്നതു കൊണ്ട് കുട്ടി സഖാക്കൾ ഉദ്ദേശിച്ചത് "തൻറെ പരിപ്പ് ഇവിടെ വേവില്ലെടോ" എന്നാണ്''. ഇങ്ങനെ തുടങ്ങുന്നതാണ് വക്കീലിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്.

Your dal will not cook here എന്നതു കൊണ്ട് കുട്ടി സഖാക്കൾ ഉദ്ദേശിച്ചത് "തൻറെ പരിപ്പ് ഇവിടെ വേവില്ലെടോ" എന്നാണ്.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു, 2021 ലെ തെരഞ്ഞെടുപ്പ് ജയിക്കും വരെ

 

ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്. Your dal will not cook here എന്നതു കൊണ്ട് കുട്ടി സഖാക്കൾ ഉദ്ദേശിച്ചത് "തൻറെ...

Posted by Advocate A Jayasankar on Monday, 18 December 2023

സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞദിവസം കോഴിക്കോട് മിഠായിത്തെരുവിലെ ജനത്തിരക്കിലേക്ക് ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനും പൊലീസിനും വീണ്ടും വെല്ലുവിളി ഉയർത്തി. സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ജനകീയനെന്ന പരിവേഷം നേടാനും കഴിഞ്ഞു. ഗവർണറുടെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടിവരുമെന്ന് കൊട്ടാരക്കരയിൽ തുറന്നടിച്ചു.

എസ്.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രിയും ഗവർണറും നേർക്കുനേർ ഏറ്റുമുട്ടിയതോടെ അസാധാരണമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയും പിന്നാലെ ബഡ്ജറ്റ് സമ്മേളനവും നടക്കാനിരിക്കേയാണ് ഈ ഏറ്റുമുട്ടൽ. ചാൻസലർ പരമാധികാരിയാണെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും അതിന്റെ മറവിൽ എന്തും ചെയ്യാൻ ഗവർണറെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാരും എസ്.എഫ്.ഐയും. വിട്ടുകൊടുക്കാൻ ഗവർണറും തയ്യാറല്ല.

ഞായറാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തനിക്കെതിരെ എസ്.എഫ്.ഐ പ്രവർത്തകർ ഉയർത്തിയ പ്രതിഷേധബാനറുകൾ പൊലീസിനെക്കൊണ്ട് നീക്കം ചെയ്യിച്ചെങ്കിലും തൊട്ടുപിന്നാലെ തിരികെ കെട്ടിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇന്നലെ എസ്.എഫ്.ഐ പ്രതിഷേധം വ്യാപകമാക്കുകയും ചെയ്തു. ഇതോടെയാണ് തെരുവിലേക്ക് പോവുകയാണെന്ന് ഗവർണർ പ്രഖ്യാപിച്ചത്. സുരക്ഷ വേണ്ടെന്ന് പറഞ്ഞെങ്കിലും പൊലീസ് അകമ്പടി പോയി. മിഠായിത്തെരുവിലും പൊലീസിനെ വിന്യസിച്ചിരുന്നു.