china

ബീജിംഗ്: ചൈനയിൽ നൂറിലധികം പേരുടെ ജീവനെടുത്ത ഭൂചലനത്തിൽ കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പീപ്പിൾസ് ഡെയ്‌ലി ചൈനയാണ് പ്രാദേശിക സമയം രാത്രി 11:59 നുള്ള സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്.

ഒരു മുറിയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തുടർന്ന് ഇടിമുഴക്കംപോലുള്ള ശബ്ദംകേൾക്കാം. ഇതിനൊപ്പം മുറിമുഴുവൻ ശക്തമായി കുലുങ്ങുന്നുമുണ്ട്. തുടർന്ന് മുറിയുടെ മേൽക്കൂരയിൽ നിന്ന് തടിക്കഷണങ്ങളും മറ്റും ശക്തിയോടെ നിലംപതിക്കുന്നതും കാണാം. വൻ കെട്ടിടങ്ങളും വാഹനങ്ങളും തകർന്ന് തരിപ്പണമായി കിടക്കുന്ന ദൃശ്യങ്ങളാണ് തുടർന്ന് കാണുന്നത്.

#UPDATE: Video captured the moment when a 6.2-magnitude earthquake shook Linxia Hui Autonomous Prefecture in NW China's Gansu on Monday night. The quake can be felt in major cities like Xi’an and Chengdu. pic.twitter.com/CrDeQBbnyO

— People's Daily, China (@PDChina) December 18, 2023

ചൈനയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തുണ്ടായ ഭൂലചനത്തിൽ 111പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റതായും ചൈനീസ് ഔദ്യോഗിക മാദ്ധ്യമം റിപ്പോർട്ട് ചെയ‌്തു. അനവധി കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്‌ച) ഗാൻസു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്.

പ്രകമ്പനം ഉണ്ടായ ഉടൻ തന്നെ പലരും വീടുകളിൽ നിന്ന് പ്രാണരക്ഷാർത്ഥം തെരുവുകളിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. രക്ഷാപ്രവർത്തനം ഏറ്റവും വേഗത്തിൽ തന്നെ പുരോഗമിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് അറിയിച്ചു. അമേരിക്കൻ ജിയോളജിക്കൽ സർവേ പ്രകാരം 6.0 മാഗ്നിറ്റ്യൂഡ് തീവ്രതയാണ് രേഖപ്പെടുത്തിയത്. ഗാൻസുവിന് പുറമെ ലാൻസൗ, ക്വിൻഹായ്, ഹയിഡോംഗ് എന്നിവിടങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി.

ഭൂകമ്പ ബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതി, ജല വിതരണം തടസപ്പെട്ടിരിക്കുകയാണ്. മഞ്ഞ് നിറഞ്ഞ് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌‌ക്കരമാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങളിലെ ഫ്ളാഷ് ലൈറ്റും ടോർച്ചും മാത്രമാണ് വെളിച്ചത്തിന് നിലവിലുള്ള ഉപാധി.