siyavo

തായ്പേയ് സിറ്റി: കഠിനമായ നടുവേദനയും പനിയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ വൃക്കയിൽ 300ലധികം കല്ലുകൾ ഉണ്ടായതായി കണ്ടെത്തി. തായ്‌വാനിലാണ് സംഭവം. സിയാവോ എന്ന യുവതിയിലാണ് ഗുരുതര ആരോഗ്യ പ്രശ്നം കണ്ടെത്തിയത്. ടൈനാനിലുള്ള ചി മെയ് മെഡിക്കൽ സെന്ററിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

വേദന സഹിക്കാനാവാത്തതോടെയാണ് സിയാവോയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അൾട്രാ സൗണ്ട് സ്കാനിംഗ് ചെയ്തപ്പോഴാണ് ഡോക്ടർ പോലും അതിശയിച്ച് പോയത്. വൃക്കയിൽ 300ലധികം കല്ലുകൾ. ആവിയിൽ വേവിച്ച ചെറിയ ബണ്ണുകൾ പോലെയാണ് ഇവ കാണപ്പെടുന്നതെന്നാണ് ഡോക്ടർ പറയുന്നത്. ഉടനടി പ്രമുഖ യൂറോളജിസ്റ്റായ ഡോ. ലിം ച്യേ - യാംഗിന്റെ ചികിത്സ തേടി. അപ്പോഴാണ് ഇത്രയും ഗുരുതരമായ വൃക്ക രോഗം ഉണ്ടായതിന്റെ കാരണം പുറത്തുവന്നത്. സിയാവോയുടെ ഇഷ്ടപാനീയമായ ബബിൾ ടീ ആണ് ഈ രോഗത്തിന് കാരണം.

ബബിൾ ടീ സ്ഥിരമായി കുടിച്ചതിലൂടെ യുവതിയുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടായി. സിയാവോ വെള്ളത്തിന് പകരം ബബിൾ ടീ ആണ് കുടിച്ചിരുന്നത്. തായ്‌വാൻ ജനസംഖ്യയുടെ ഏകദേശം 9.6% പേർക്കും വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഡോ. ലിം പറഞ്ഞു. കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ അളവ് കൂടുന്നത് വൃക്കയിൽ കല്ലുകളുണ്ടാകുന്നതിന് പ്രധാന കാരണമാകുന്നു. വേനൽ കാലത്ത് നിർജ്ജലീകരണം ഉണ്ടാകുന്നതിനാൽ ഈ സമയത്ത് അസുഖം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

സിയാവോയുടെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടൻ അവർക്ക് വീട്ടിലേക്ക് മടങ്ങാമെന്നും ഡോക്ടർ പറഞ്ഞു.