shine-tom-chacko

പഴയ കൊക്കെയ്ൻ കേസുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഇപ്പോഴും വിമർശനങ്ങളുണ്ടാകാറുണ്ട്. ഇവനല്ലേ പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ടത് എന്ന് പറഞ്ഞാണ് വിമർശനം. ഇത്തരം വിമർശനങ്ങളോട് നടൻ പ്രതികരിക്കുന്നു.

അടിക്കാത്ത ഒരാളെ പിടിച്ച് കൂട്ടിലാക്കുകയും അടിക്കുന്നവനാക്കി തീർക്കുകയും ചെയ്തു. ഇതിനാര് ഉത്തരവാദിത്തം പറയുമെന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.ഈ പറയുന്ന നിയമപീഠങ്ങൾ അതിനൊരുത്തരം തരുമോ. ഇവിടെ അകത്തുകിടക്കുന്നതിലധികവും നിരപരാധികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരിക്കൽ ജയിലിൽ കിടന്ന് പുറത്തുവന്നുകഴിഞ്ഞാൽ ആ വ്യക്തിക്ക് നേരെയാകാനുള്ള അവസരം സമൂഹം കൊടുക്കുന്നില്ലെന്ന് നടൻ പറഞ്ഞു. ഇവനൊക്കെയാണോ സിനിമയിൽ വലിയ ആള് പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ടതല്ലേയെന്ന് മുമ്പ് ഐ പി എസുകാരൻ പറഞ്ഞതുകേട്ടു. നന്നാകാൻ വേണ്ടിയല്ലേ ജയിലിൽ ഇടുന്നത്. നന്നായാൽ പറയും ഇവനൊക്കെ എന്തിനാ നന്നായതെന്ന്. ഇത്തരത്തിലുള്ള ആളുകൾ നിയമം കൈകാര്യം ചെയ്യുന്ന നാട്ടിൽ എങ്ങനെയാണ് കുറ്റകൃത്യം കുറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ പറയുന്നത് തമാശയ്ക്ക് വേണ്ടിയാണെന്നും ഷൈൻ ടോം കൂട്ടിച്ചേർത്തു.

പുതിയ ചിത്രമായ 'ഒപ്പീസിന്' തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ. 2015ലാണ് ഷൈൻ ടോം ചാക്കോ കൊക്കെയ്ൻ കേസിൽ പിടിയിലായത്. കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്ന് സ്ത്രീകൾ അടക്കമുള്ളവർക്കൊപ്പമാണ് നടൻ പിടിയിലായത്. കേസിൽ കുറച്ച് നാൾ ജയിലിൽ കിടന്നിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി.