police

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി സിവിൽ പൊലീസ് ഓഫീസർ. സി ഐയും റെെറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെയാണ് സംഭവം നടന്നത്.

വാട്സാപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബെെൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തു. തുടർന്ന് സ്റ്റേഷനിലെ മറ്റ് പൊലീസുകാർ പരിഭ്രാന്തരായി. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ വീട്ടിലുള്ളതായി മനസിലായി. തനിക്കെതിരെ സ്റ്റേഷനിൽ ഗുഢാലോചന നടക്കുന്നുവെന്നാണ് കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെ ആരോപണം.

പുറത്തുള്ള ഡ്യൂട്ടിയാണ് തരുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സി ഐ അടക്കം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സി ഐയും റെെറ്ററുമാണ് ഉത്തരവാദികളെന്നും ഇയാൾ പറയുന്നു. പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇതിന് കാരണമെന്നാണ് വിവരം.

അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കഠിനമായ ജോലിഭാരവും മേലുദ്യോഗസ്ഥരുടെ ശകാരവും താങ്ങാനാവാതെ പൊലീസുകാർ ജീവനൊടുക്കുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ മാത്രം സംസ്ഥാനത്ത് ഇങ്ങനെ 51 പൊലീസുകാർ ആത്മഹത്യ ചെയ്തു. അതിനു ശേഷമുള്ള വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കുന്നുമില്ല. ഡ്യൂട്ടിയിലായിരിക്കെ കാണാതായ കോഴിക്കോട് കുറ്റ്യാടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീഷ് ജീവനൊടുക്കിയതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്ത സംഭവം.