
ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ദാവൂദ് ഇബ്രാഹിം മരണപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പ്രചരിക്കുകയുണ്ടായി. ഇപ്പോഴിതാ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുകയാണ് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ. ദാവൂദ് സ്ഥാപിച്ച അധോലോക സംഘടനയായ ഡി-കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഷക്കീലാണ്.
'ഭായ് മരണപ്പെട്ടുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം ആയിരം ശതമാനം ആരോഗ്യവാനാണ്'- ഛോട്ടാ ഷക്കീൽ ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. ദുരുദ്ദേശത്തോടെ കാലാകാലങ്ങളായി പ്രചരിപ്പിക്കുന്ന കിംവദന്തികൾ മാത്രമാണിത്. പാകിസ്ഥാനിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ നല്ല നിലയിലാണ് കണ്ടതെന്നും ഷക്കീൽ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് പാകിസ്ഥാൻ കറാച്ചിയിലെ ആശുപത്രിയിൽ ദാവൂദിനെ പ്രവേശിപ്പിച്ച വിവരം ഇന്നലെ രാവിലെയാണ് അധികൃതർ പുറത്തുവിട്ടത്. ദാവൂദ് ഇബ്രാഹിമിന് വിഷം കൊടുത്തുവെന്ന തരത്തിൽ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങൾ വഴി വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ദാവൂദ് 24 മണിക്കൂറും വിശ്വസ്തരായ സ്വന്തം ആളുകൾ, ഐ എസ് ഐ ഏജന്റുമാർ തുടങ്ങിയവരുടെ സുരക്ഷാ വലയത്തിലായതിനാൽ വിഷം കൊടുക്കാനുള്ള സാദ്ധ്യത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.
ആശുപത്രിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സീനിയർ ഡോക്ടർമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്ന ഫ്ലോറിൽ നിന്ന് ആശുപത്രിയിലെ മറ്റ് രോഗികളെ മാറ്റി. ഇയാളുടെ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് മുംബയ് പൊലീസ് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു.