elephant

കോന്നി : ആനച്ചന്തത്തിൽ സഞ്ചാരികളെ മാടിവിളിക്കുന്ന കോന്നിയിൽ ഇനി മുതൽ ആനയൂട്ടിനുള്ള അവസരവും. വനംവകുപ്പും ഇക്കോ ടൂറിസം പദ്ധതിയും ചേർന്നാണ് ആനത്താവളത്തിലെ ആനകളെ ഊട്ടാൻ അവസരം ഒരുക്കുന്നത്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ആനത്താവളത്തിൽ വല്ലപ്പോഴും നടന്നു വന്നിരുന്ന ആനയൂട്ട് എല്ലാ ദിവസവും നടത്താൻ തീരുമാനിച്ചത്. ഇതിലൂടെ സഞ്ചാരികൾക്ക് ആനകളുമായി അടുത്ത് ഇടപഴകാനും സമീപത്തു നിന്ന് ഫോട്ടോയും, വീഡിയോയും എടുക്കാനും കഴിയും. ഇപ്പോൾ ആനത്താവളത്തിലെ ആനകളുടെ സമീപത്ത് നിൽക്കാനോ ഫോട്ടോ എടുക്കാനോ കഴിയില്ല.

പാപ്പാന്മാരുടെ സഹായത്തോടെ മുമ്പ് വിനോദ സഞ്ചാരികൾ ആനയോടൊപ്പം നിന്ന് ചിത്രങ്ങൾ എടുത്തിരുന്നു. പണം വാങ്ങി ഇതിന് അവസരം നൽകുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് ഇവിടെ സി സി ​ടി.വി ക്യാമറകൾ സ്ഥാപിക്കുകയും നിശ്ചിത പരിധിക്കപ്പുറം സന്ദർശകർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു.ഇത് സഞ്ചാരികൾക്ക് നിരാശയുണ്ടാക്കിയ സാഹചര്യത്തിൽ

പരിഹാരമായാണ് ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുത്തി വനംവകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. കൊട്ടാരക്കര കരിക്കം സ്വദേശി ന്യൂയോർക്കിൽ സ്ഥിര താമസമാക്കിയ ബിജി ജെ.തോമസും കുടുംബവുമാണ് ആദ്യ ആനയൂട്ട് നടത്തിയത്.

ആനയൂട്ടിന് 2001രൂപ
ഇക്കോ സെന്റിലെ കൗണ്ടറിൽ 2001 രൂപ ഫീസ് അടച്ചാൽ ആനയൂട്ടിന് ആർക്കും അവസരം ലഭിക്കും. ഒരുദിവസം മുമ്പ് പണം അടയ്ക്കണം. പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവന്ന് ആനകളെ ഊട്ടാൻ അനുവദിക്കില്ല. ഭക്ഷണം വനം വകുപ്പ് തയ്യാറാക്കി നൽകും. ആനകളുടെ സുരക്ഷ കണക്കിലെടുത്താണ് പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നത്. പഴങ്ങളും മരുന്നുചേർത്ത ആഹാരവുമാകും നൽകുക.