rain

സംസ്ഥാനത്തെ നദികളിലും ജലസംഭരണികളിലും അടിഞ്ഞുകിടക്കുന്ന മണൽ അക്ഷയ ഖനിയാണെന്ന് സർക്കാരിന് തിരിച്ചറിയാഞ്ഞിട്ടല്ല. അതു വാരിയെടുത്ത് നിർമ്മാണാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ കോടാനുകോടികളാവും ഖജനാവിലെത്തുക. പക്ഷേ,​ പറഞ്ഞിട്ടെന്തു കാര്യം ഇടയ്ക്കും മുറയ്ക്കും വെളിപാടുപോലെ മന്ത്രിമാർക്ക് ഭൂതോദയമുണ്ടാകും. അതിനപ്പുറം ഒന്നും നടക്കാറില്ല. ഇപ്പോഴിതാ വീണ്ടും ഈ ആശയത്തിന് ജീവൻ വച്ചിരിക്കുകയാണ്. നദികളിൽ മണൽ ഖനനത്തിനായി 2001-ലെ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും ആലോചനയുണ്ട്.

നദികളിൽ നിന്ന് മണലെടുക്കുന്നതിന് കർക്കശ നിയന്ത്രണങ്ങളടങ്ങുന്നതാണ് രണ്ടു പതിറ്റാണ്ടിനു മുമ്പ് നടപ്പാക്കിയ നിയമം. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും അനധികൃത മണലെടുപ്പും വില്പനയും തിരുതകൃതിയായി നടക്കുന്നുണ്ട്. സംസ്ഥാനത്ത് മണൽ മാഫിയ എന്നൊരു പുതിയ സംഘം തന്നെ വളർന്നുവന്നിട്ടുമുണ്ട്. രാഷ്ട്രീയക്കാരും പൊലീസുമൊക്കെ ഇതിന്റെ ഗുണഭോക്താക്കളുമാണ്. അംഗീകൃത മണലെടുപ്പിനു മാത്രമേ തടസ്സമുള്ളൂ. ആളൊഴിഞ്ഞ നദീമുഖങ്ങളിൽ രഹസ്യമായും പരസ്യമായും മണൽ വാരുന്ന ഒട്ടേറെ സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല.

നദികളിൽ നിന്ന് മണൽ വാരുന്നതിനെക്കുറിച്ച് പഠിക്കാൻ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. 2001-ലെ നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ എന്തൊക്കെയെന്ന് സമിതി പരിശോധിക്കും. മണൽ വാരൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വേണം നടപടികൾ. ഈ വക കാര്യങ്ങൾ പരിശോധിച്ച് സംസ്ഥാന നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ ഉപസമിതി നിർദ്ദേശിക്കും. അതിന്റെ ചുവടുപിടിച്ചാകും മണൽ വാരാൻ അനുമതി നൽകുക.

സംസ്ഥാനത്തെ 32 നദികളിലെ മണൽ ഓഡിറ്റ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. 12 നദികളിൽക്കൂടി അതു പൂർത്തിയാക്കണം. ഓഡിറ്റ് നടന്ന 32 നദികളിൽ പതിനേഴ് എണ്ണത്തിൽ ധാരാളം മണൽ ശേഖരമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് മൂന്നുലക്ഷം ടൺ മണൽ ഈ 17 നദികളിൽ നിന്ന് ലഭിക്കുമെന്നാണ് കണക്ക്. ശേഷിക്കുന്ന നദികളിലെ മണൽ ഓഡിറ്റ് കൂടി പൂർത്തിയായാൽ ഇത് വീണ്ടും ഉയരും. സംസ്ഥാനത്ത് മൂന്നുവർഷത്തേക്ക് ആവശ്യമായ മണലാണ് സർക്കാരിനു പ്രയോജനപ്പെടാതെ നദികളിൽ കിടക്കുന്നത്. ഇതിൽ കുറെയൊക്കെ ഓരോ മഴക്കാലത്തും ഒലിച്ചു കടലിൽ ചേരുകയാണ് പതിവ്. 2018-ലെ പ്രളയത്തിൽ പമ്പാനദിയിൽ അടിഞ്ഞുകൂടിയ മണൽ വാരി കരയിലിട്ടതല്ലാതെ വിപണിയിലെത്തിച്ച് വിൽക്കാൻ ഒരു നടപടിയും ഉണ്ടായില്ല. കോരിയിട്ട മണൽ അവിടെത്തന്നെ കിടന്നു നശിച്ചു.

വ്യക്തമായ കാഴ്ചപ്പാടും പ്രായോഗിക നടപടികളും ഇല്ലാത്തതാണ് നദികളിലെ മണൽ സർക്കാരിന് പ്രയോജനപ്പെടാതെ പോകാൻ കാരണം. പുതിയ തീരുമാനപ്രകാരം നടപടികൾ പൂർത്തിയാക്കി ഒരുവർഷത്തിനകം മണലെടുപ്പ് തുടങ്ങുമെന്നു പറയുന്നു. നടന്നാൽ സംസ്ഥാനത്തെ രൂക്ഷമായ മണൽക്ഷാമത്തിന് ശാശ്വത പരിഹാരം തന്നെയാകും അത്. മണലിന്റെ ഇപ്പോഴത്തെ കൊള്ളവിലയ്ക്കും പരിഹാരമാകും. മണൽ അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ട് നാശത്തിലേക്കു നീങ്ങുന്ന നദികളെ രക്ഷിക്കാനുള്ള മാർഗ്ഗം കൂടിയാണിത്.

നദികളിലെ മണലെടുപ്പിനുള്ള സാദ്ധ്യതയാണ് ഇപ്പോൾ സർക്കാർ പരിഗണിക്കുന്നത്. അപ്പോഴും ജലസംഭരണികളിലെ മണൽ ശേഖരത്തിന്റെ കാര്യം പറയുന്നില്ല. ഏതാനും വർഷം മുമ്പത്തെ സംസ്ഥാന ബഡ്‌ജറ്റിൽ ഇതേക്കുറിച്ച് നിർദ്ദേശമുണ്ടായിരുന്നു. ആയിരം കോടി രൂപയുടെ വരുമാനവും കണക്കാക്കിയിരുന്നു. നിർദ്ദേശം പക്ഷേ കടലാസിൽ ഒതുങ്ങിപ്പോയി. മണലും ചെളിയും എക്കലും അടിഞ്ഞുകൂടിക്കിടക്കുന്നതു കാരണം സംസ്ഥാനത്തെ ജലസംഭരണികളുടെ ശേഖരണ ശേഷി ഇപ്പോൾ പകുതിയോളമേയുള്ളൂ. അത്ര ശക്തമല്ലാത്ത മഴക്കാലത്തും പലകുറി തുറന്നുവിടേണ്ടവയാണ് പല അണക്കെട്ടുകളും. ജലസംഭരണികളിലെ മണൽ നീക്കം ചെയ്യാൻ നിയമ ഭേദഗതിയൊന്നും വേണ്ടിവരില്ല. ഇക്കാര്യം കൂടി സർക്കാർ പരിശോധിക്കണം.