
മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളില്ലാത്ത വിഷു ആണ് ഇത്തവണ. പൃഥ്വിരാജിന്റെ ആടുജീവിതം, ഫഹദ് ഫാസിലിന്റെ ആവേശം,വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ ചിത്രം വർഷങ്ങൾക്കുശേഷം, ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷ് എന്നീ ചിത്രങ്ങൾ വിഷുവിന് എത്തുമെന്ന് ഉറപ്പിച്ചു. പൃഥ്വിരാജ് - ബ്ളസി ടീമിന്റെ ആടുജീവിതം ഇന്ത്യൻ ചലച്ചിത്ര ലോകം ഉറ്റുനോക്കുന്ന സിനിമയാണ്. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതത്തിൽ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള താരങ്ങൾ. എ.ആർ. റഹ്‌മാനാണ് സംഗീതം. ഏപ്രിൽ 10ന് ആടുജീവിതം തിയേറ്ററിൽ എത്തും.
ഫഹദ് ഫാസിലും സംവിധായകൻ ജിതുമാധവനും ഒരുമിക്കുന്ന ആവേശം കോമഡി എന്റർടെയ്‌നറാണ്. രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൻസൂർ അലിഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പൂജ മോഹൻരാജ്, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏപ്രിൽ 11ന് അൻവർ റഷീദ് എന്റർടെയ്‌ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മാണം. എ. ആൻഡ് എ റിലീസ് ചിത്രം വിതരണം ചെയ്യും.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ ചിത്രമായ വർഷങ്ങൾക്കുശേഷത്തിൽ നിവിൻ പോളി ഉൾപ്പടെ വൻതാരനിര അണിനിരക്കുന്നു.മെറിലാൻഡ് ആണ് നിർമ്മാണം. ഉണ്ണിമു കുന്ദൻ നായകനായി രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ജയ്‌ഗണേഷ് ഏപ്രിൽ 11ന് റിലീസ് ചെയ്യും. മഹിമ നമ്പ്യാരാണ് നായിക. ഇടവേളയ്ക്കു ശേഷം ജോമോൾ അഭിനയരംഗത്തേക്കു തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അശോകൻ, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചന്ദ്രു ശെൽവരാജാണ് ഛായാഗ്രഹണം.ഡ്രീംസ് ആന്റ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് നിർമ്മാണം.