
അടുക്കളയിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് എണ്ണയും നെയ്യും. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, പല മരുന്നുകളിലും ചർമ സംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇന്ന് വിപണിയിൽ ലഭിക്കുന്ന പല നെയ്യിലും എണ്ണയിലും മായം അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, ടാർ, പഴകിയ നെയ്യ്, മൃഗക്കൊഴുപ്പ് തുടങ്ങിയ വിഷലിപ്‌തമായ വസ്തുക്കളാണ് മായം ചേർക്കാനായി ഉപയോഗിക്കുന്നത്. മായം കലർന്ന നെയ്യാണോ നിങ്ങൾ ഉപയോഗിക്കുന്നത് എന്നറിയാൻ ചില എളുപ്പ മാർഗങ്ങളുണ്ട്. വെറും ഒരു മിനിട്ട് കൊണ്ടുതന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്.
ഉപ്പ്
ഒരു ടേബിൾസ്പൂൺ കറി ഉപ്പ് ഉപയോഗിച്ച് വ്യാജ നെയ്യ് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ഇതിനായി ഒരു പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യ് എടുക്കുക. അതിലേക്ക് ഒരു സ്പൂൺ ഉപ്പും കുറച്ച് ഹൈഡ്രോക്ലോറിക് ആസിഡും കൂടി ചേർക്കണം. 20 മിനിട്ട് വച്ച ശേഷം നിറത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് നോക്കണം. ചുവപ്പ് നിറം കാണുകയാണെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന നെയ്യിൽ മായമുണ്ട്.
വെള്ളം
നെയ്യിന്റെ പരിശുദ്ധി കണ്ടെത്താനുള്ള മറ്റൊരു മാർഗം വെള്ളം ഉപയോഗിച്ചുള്ളതാണ്. ഒരു ഗ്ലാസ് നിറയെ വെള്ളമെടുത്ത് അതിലേയ്‌ക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് മായം കലർന്നതല്ല.
ഡബിൾ ബോയിലിംഗ്
ഡബിൾ ബോയിലിംഗ് രീതിയിലൂടെ നെയ്യിൽ മായം കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താം. തിളയ്‌ക്കുന്ന വെള്ളത്തിന് മുകളിൽ മറ്റൊരു പാത്രത്തിൽ നെയ്യ് എടുത്ത് നന്നായി ഉരുക്കുക. പൂർണമായും ഉരുകിയ ശേഷം ഒരു ഗ്ലാസിലാക്കി ഫ്രിഡ്‌ജിൽ വയ്‌ക്കുക. പിന്നീട് നോക്കുമ്പോൾ പാളികൾ രൂപപ്പെട്ടതായി കാണുകയാണെങ്കിൽ അതിൽ മായം കലന്നിട്ടുണ്ട്.