ayodhya

തിരുവനന്തപുരം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അധികൃതർ ക്ഷണിച്ചവരുടെ പട്ടിക പുറത്ത്. കേരളത്തിൽ നിന്ന് നടൻ മോഹൻലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനുവരി ഇരുപത്തിരണ്ടിന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.


പ്രായവും അനാരോഗ്യവും കണക്കിലെടുത്തി മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കില്ല. നാലായിരത്തോളും പുരോഹിതരും രണ്ടായിരത്തിലധികം മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മാതാ അമൃതാനന്ദമയിയേയും മോഹൻലാലിനെയും കൂടാതെ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, യോഗ ഗുരു ബാബ രാംദേവ്, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത് അടക്കമുള്ളവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


അടുത്തമാസം പതിനഞ്ചോടെ പ്രതിഷ്ഠാ ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകും. ജനുവരി 23ന് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കും.

2019ൽ അയോദ്ധ്യയിലെ തർക്കവിഷയമായ രാമജന്മഭൂമിയിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. നരേന്ദ്ര മോദി 2020 ഓഗസ്‌റ്റ് അഞ്ചിനാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചത്.