kollam

കൊല്ലം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാരും അവരെ തടയാൻ എത്തിയ ഡിവൈഎഫ്ഐക്കാരും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ചിന്നക്കടയ്ക്ക് സമീപത്തുള്ള ജറോം നഗറിൽ ഇന്ന് രാവിലെയായിരുന്നു കളരിപ്പയറ്റ് സ്റ്റൈലിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ചുവടുവച്ച് വടികൊണ്ട് തെരുവിൽ തമ്മിൽ തല്ലിയപ്പോൾ ഒന്നും ചെയ്യാനാവാതെ പൊലീസ് കാഴ്ചക്കാരായി. ഒടുവിൽ ഏറെപണിപ്പെട്ടാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്.

kollam1

കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന നവകേരള ബസിന് നേരെ കരിങ്കൊടി കാണിക്കാനാണ് യൂത്ത്കോൺഗ്രസുകാർ സംഘടിച്ചെത്തിയത്. ഇവരെ തടയാൻ ഡിവൈഎഫ്ഐക്കാർ എത്തുമെന്ന വിവരം ഉള്ളതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. നവകേരള ബസ് പോയ ഉടനായിരുന്നു സംഘർഷം. വടിയും ട്യൂബ് ലൈറ്റുംകൊണ്ട് ഇരുവിഭാഗവും ഏറ്റുമുട്ടി. അടി സഹിക്കാനാവാതെവന്നപ്പോൾ ചിലർ രക്ഷപ്പെടാനായി അടുത്തുള്ള ഹോട്ടലിലേക്ക് കയറി. ഇവർക്കും കിട്ടി പൊതിരെ തല്ല്. ഇതിനിടെ ചിലർ ഹോട്ടലിലേക്ക് കല്ലെറിഞ്ഞു എന്നും റിപ്പോർട്ടുണ്ട്. അടി കനത്തതോടെ ജനങ്ങൾ ചിതറിയോടി. നാട്ടുകാരായ ചിലർക്കും അടികിട്ടി.

kollam2

അടി കണ്ടിട്ടും ആദ്യം അനങ്ങാതിരുന്ന പൊലീസ് കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് വ്യക്തമായതോടെ ഇടപെടുകയായിരുന്നു. ഇരുപക്ഷത്തുമുള്ള ചിലർ പിടിയിലായിട്ടുണ്ട്. സംഘർഷത്തിലും രണ്ടുവിഭാഗത്തിലുള്ളവർക്കും പരിക്കേറ്റു. ചിലരുടെ തലപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു.ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു.