supplyco

തിരുവനന്തപുരം: ക്രിസ്‌തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സപ്ളൈകോയിൽ സബ്സിഡി സാധനങ്ങളെത്തിയില്ലെന്ന പരാതി ഉയരുന്നതിനിടെ ആശ്വാസമായി സർക്കാരിന്റെ ഇടപെടൽ. റേഷൻ വിതരണത്തിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് സർക്കാർ 185.64 കോടി രൂപ അനുവദിച്ചു.

റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബഡ്ജറ്റിൽ നീക്കിവച്ച തുക മുഴുവനും കോർപ്പറേഷന് നൽകാൻ തീരുമാനിക്കുകയായിരുന്നു.


ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

അതേസമയം, സപ്ളൈ‌കോ ഔട്ട്‌ലെറ്റുകളിൽ അല്ല, മറിച്ച് ജില്ലാ കേന്ദ്രത്തിൽ 21 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ ഫെയറിൽ മാത്രം സബ്സിഡി സാധനങ്ങളെത്തുമെന്നാണ് ഉദ്യോസ്ഥർ പറയുന്നത്. ഓണത്തിന് മുൻപേ തുടങ്ങിയ ക്ഷാമം ക്രിസ്മസ് കാലത്തും തുടരുന്നത് സാധാരണക്കാരന് ഇരട്ടി പ്രഹരമാകുന്നു. ഉപഭോക്താക്കൾ സപ്ലൈകോ സ്റ്റോറുകളിലെത്തി നിരാശരായി മടങ്ങുകയാണ്. ചിലിയിടങ്ങളിൽ വാക്കേറ്റവും പതിവാണ്.

സ്റ്റോക്ക് എന്ന് വരുമെന്ന ചോദ്യത്തിന് ജീവനക്കാരും കൈമലർത്തുകയാണ്. വിലക്കുറവിൽ ലഭിക്കേണ്ട സാധനങ്ങൾക്ക് പോലും ഇരട്ടിയിലേറെ വില നൽകി സ്വകാര്യ വില്പന സ്ഥാപനങ്ങളെയും സൂപ്പർ മാർക്കറ്റുകളെയും മറ്റും ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് ജനം. അരലിറ്റർ വെളിച്ചെണ്ണ പായ്ക്കറ്റില്ലാത്തതിനാൽ ക്രിസ്മസ് ഫെയറിൽ 141 രൂപയ്ക്ക് ഒരു ലിറ്റർ എണ്ണയാകും വിൽക്കുക. ഇതിൽ അര ലിറ്ററിന്റെ പണം സബ്സിഡിയാണ്. സബ്‌സിഡി ഉത്പന്നങ്ങളായ പഞ്ചസാര, വൻപയർ, കടല, ഉഴുന്ന്, പരിപ്പ്, വറ്റൽ മുളക്, ചുവന്നുള്ളി, പച്ചരി, ആട്ട തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഒന്നും സപ്ലൈകോയിൽ ഇല്ല. ചെറുപയറും പരിപ്പും മാത്രമാണ് ചില സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഉള്ളത്.