dawood-ibrahim

കഴിഞ്ഞ ഒരാഴ്ചയായി അധോലോക ഗുണ്ടാ തലവൻ ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. വിഷബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിലായിരുന്നു അവ. എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഛോട്ടാ ഷക്കീർ രംഗത്തെത്തി. ദാവൂദ് നേതൃത്വം നൽകുന്ന ഡി കമ്പനി എന്നറിയപ്പെടുന്ന അധോലോക സാമ്രാജ്യത്തിന്റെ ആഗോള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആളാണ് ഛോട്ടാ ഷക്കീർ. ഭായി ആയിരം ശതമാനം ആരോഗ്യവാനാണെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തോട് ഇയാൾ പറഞ്ഞത്. സത്യത്തിൽ ആരാണ് ദാവൂദ് ഇബ്രാഹിം? എന്തിനാണ് ഇയാളെ പാകിസ്ഥാൻ സംരക്ഷിക്കുന്നത് ?

ആരാണ് ദാവൂദ് ഇബ്രാഹിം?

ഔദ്യോഗിക രേഖകൾ പ്രകാരം 1955 ൽ മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലാണ് ദാവൂദ് ഇബ്രാഹിം ജനിച്ചത്. അച്ഛൻ ഇബ്രാഹിം കസ്‌കർ ഒരു പൊലീസ് കോൺസ്റ്റബിളായിരുന്നു. പിന്നീട് ദാവൂദിന്റെ കുടുംബം മുംബയിലെ ഡോംഗ്രി എന്ന സ്ഥലത്ത് താമസമാക്കി. എഴുപതുകളിലാണ് മുംബയ് അധോലോകത്തിൽ ദാവൂദ് എന്ന പേര് കേട്ടുതുടങ്ങിയത്. ആദ്യം ഹാജി മസ്താൻ സംഘത്തിലൂടെയും പിന്നീട് ഡി-കമ്പനിയുടെ നേതാവായും ഇയാൾ മാറി.

90കളിൽ മുംബയിൽ നടന്ന സ്ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനായിരുന്നു ദാവൂദ്. ശേഷം ദുബായിലേയ്‌ക്ക് രക്ഷപ്പെട്ടു. അവിടെ നിന്നാണ് പാകിസ്ഥാനിലേക്ക് പോയത്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2003ലാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2011ൽ, എഫ്ബിഐയും ഫോബ്സും തയ്യാറാക്കിയ പട്ടികയിൽ ലോകത്തിലെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപുള്ളികളിൽ മൂന്നാമത്തേത് ദാവൂദായിരുന്നു.

family

കുടുംബം

മുംബയ്‌ക്കാരിയായ ഭാര്യയ്‌ക്കും നാല് മക്കൾക്കുമൊപ്പം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ സുബിന സരീൻ എന്ന മെഹ്ജബീന്റെ പേരിലുള്ള ടെലിഫോൺ ബില്ലും ദാവൂദിന്റെ നിരവധി പാസ്പോർട്ടുകളും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ഡി കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻകാരിയാണ് ദാവൂദിന്റെ രണ്ടാം ഭാര്യ.

ദാവൂദിന്റെ മൂത്ത മകൾ മഹ്റൂഖ് ഇബ്രാഹിമിനെ വിവാഹം ചെയ്തിരിക്കുന്നത് മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ്. ദാവൂദിന്റെ രണ്ടാമത്തെ മകൾ മഹ്റീൻ കല്യാണം കഴിച്ചത് പാക് വംശജനായ അമേരിക്കൻ വ്യവസായിയായ അയൂബിനെയാണ്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ദാവൂദിന് ഒളിത്താവളങ്ങളുണ്ട്.

2

പലതവണ മരിച്ച ദാവൂദ്

2016ൽ കാൽ മുറിച്ചുമാറ്റേണ്ടുന്ന അത്ര ഗുരുതര അവസ്ഥയിലാണ് ദാവൂദെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കാലിൽ ഗംഗ്രിൻ ബാധിച്ചിട്ടുണ്ടെന്നും കുപ്രചരണമുണ്ടായിരുന്നു. 2017ൽ ദാവൂദ് ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു റിപ്പോർട്ട്. ചിലർ ദാവൂദിന് ബ്രെയിൻ ട്യൂമർ ആയിരുന്നു എന്നുവരെ പറഞ്ഞിരുന്നു. എന്നാൽ പല വ്യാജങ്ങളെയും പോലെ അതും തെറ്റാണെന്ന് ദിവസങ്ങൾക്കകം തെളിഞ്ഞു. പിന്നീട് 2020ൽ ദാവൂദിനും ഭാര്യയ്‌ക്കും കൊവിഡ് ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അണുബാധ കാരണം ദാവൂദ് മരിച്ചെന്നും സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചു. എന്നാൽ ഇതും തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോഴിതാ കഴിഞ്ഞ തിങ്കളാഴ്ചയും ഇത്തരത്തിൽ വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു.

പാകിസ്ഥാന്റെ പ്രിയപ്പെട്ട ദാവൂദ്

മുംബയ് സ്ഫോടനത്തിന് ശേഷമാണ് പാകിസ്ഥാനിലേയ്‌ക്ക് മാറാൻ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി/ ഐഎസ്‌ഐ) ദാവൂദ് ധാരണയിലെത്തി. ഏജൻസിക്ക് വേണ്ട സഹായങ്ങൾ ദാവൂദ് നൽകും. പകരം മറ്റ് ഗുണ്ടാസംഘങ്ങളിൽ നിന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ദാവൂദിനെ സംരക്ഷിക്കണം. ഇതായിരുന്നു ഇവർ തമ്മിലുള്ള ധാരണ എന്നാണ് വിവരം. ഇന്ത്യയിൽ ആക്രമണം നടത്താൻ ദാവൂദ് പാകിസ്ഥാനെ സഹായിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

1

ദാവൂദിന്റെ വരുമാനത്തിന്റെ 30 ശതമാനവും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് നൽകാമെന്ന കരാറും ഇവർ തമ്മിലുണ്ടാക്കി. 2013ൽ ലഷ്‌കർ ഇ ത്വയ്യബ ഭീകരൻ അബ്ദുൾ കരീം തുണ്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ പാകിസ്ഥാനോട് കൈമാറാൻ ആവശ്യപ്പെട്ട ഭീകരരിൽ ഒരാളാണ് തുണ്ട. ഇതിനിടെ ഡി-കമ്പനിയെ മുംബയ് പൊലീസ് തുടച്ചു നീക്കി. ഇതിനിടെ ദാവൂദ് തന്റെ പെൺമക്കളെ പാകിസ്ഥാനിലെ പ്രമുഖരുടെ മക്കളുമായി വിവാഹം കഴിപ്പിച്ചതും ചർച്ചയായി.

കറാച്ചി, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിയമാനുസൃത ബിസിനസുകളിൽ നിന്ന് ദാവൂദിന് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പങ്ക് പാകിസ്ഥാന് ലഭിക്കുന്നുണ്ടെന്നാണ് വിവരം. ദാവൂദിനെ ഒക്ടോബറിൽ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ അഡീഷണൽ ഡയറക്ടർ ജനറലാക്കിയതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറേ ദശകങ്ങളായി പാകിസ്ഥാന് നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായാണിത്.