
പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ആദ്യ പാൻ ഇന്ത്യ ചിത്രമായ ഹനുമാന്റെ ട്രെയിലർ പുറത്ത്. ചിത്രം ഒരു ദൃശ്യ വിസമയമായിരിക്കുമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. തേജ സജ്ജ നായകനായെത്തുന്ന ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഭാഷകളിലായി ജനുവരി 12ന് റിലീസ് ചെയ്യും.
'അഞ്ജനാദ്രി' എന്ന സാങ്കൽപ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. പ്രശാന്ത് വർമ്മ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലും എത്തുന്ന ചിത്രത്തിൽ അമൃത അയ്യരാണ് നായിക. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്രയാണ് ഛായാഗ്രാഹകൻ.
ചിത്രത്തിന്റെ സൂപ്പർ ഹീറോ ഹനുമാൻ എന്ന ഗാനം അടുത്തിടെ പുറത്തുവന്നിരുന്നു. കൃഷ്ണകാന്തിന്റെ വരികളിലൂടെ തമാശക്കാരനും അതേസമയം സാഹസികനുമായ ഹനുമാനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം ശ്രീമതി ചൈതന്യയാണ് അവതരിപ്പിക്കുന്നത്.