parliament

ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്ന് വീണ്ടും കൂട്ട സസ്‌പെൻഷൻ. 49 അംഗങ്ങളാണ് നടപടി നേരിട്ടത്. ശശി തരൂർ, സുപ്രിയ സുലെ, അടൂർ പ്രകാശ്, ഡാനിഷ് തിവാരി എന്നിവരുൾപ്പെടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ഈ സെഷനിൽ സസ്‌പെൻഡ് ചെയ്ത പ്രതിപക്ഷ എം പിമാരുടെ ആകെ എണ്ണം 141 ആയി.സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സസ്പെൻഷനിൽ നിന്ന് സ്പീക്കർ ഒഴിവാക്കിയിട്ടുണ്ട്.

പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയും ലോക്സഭ സമ്മേളനം ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. പോസ്റ്ററുകൾ ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയിൽ സ്പീക്കര്‍ ഓം ബിര്‍ള 49 അംഗങ്ങളെ സസ്പെന്റ് ചെയ്തത്.

മോദിയുടെ വാ പൂട്ടിയ ചിത്രമുള്ള പ്ലക്കാർഡ് കൊണ്ടുവന്നവർക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടിരുന്നു. പാർലമെന്റ് ചരിത്രത്തിൽ ഇത്രയും എം പിമാർ പുറത്താകുന്നത് ആദ്യമാണ്. 1989ൽ കോൺഗ്രസ് സർക്കാർ 63 എം പിമാരെ പുറത്താക്കിയിരുന്നു. പ്രതിഷേധം ഒഴിവാക്കി നിർണായക ബില്ലുകൾ പാസാക്കാൻ സഭാ നേതാക്കളെയടക്കമാണ് പുറത്താക്കിയത്.

അതേസമയം, സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രസ്‌താവന ആവശ്യമില്ലെന്ന് സ‌്‌പീക്കർ ഓം ബിർള വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ മൂന്ന് നീതി ന്യായ ബില്ലുകൾ അടക്കം പാസാക്കി ശൈത്യകാല സമ്മേളനം നേരത്തെ പിരിയാനും സാദ്ധ്യതയുണ്ട്.