
വാഴയില, വാഴപ്പഴം... അങ്ങനെ മലയാളിക്ക് വാഴയില്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിക്കാൻപോലും ആവില്ല. എന്നാൽ വീടിനും വീട്ടുകാർക്കും ഐശ്വര്യം നൽകുന്നതിലും വാഴയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്ന് വാസ്തുശാസ്ത്രം പറയുന്നു. വാഴയിൽ വിഷ്ണു അധിവസിക്കുന്നു എന്നാണ് വിശ്വാസം. അതിനാലാണ് വാഴയുടെ സമീപത്ത് തുളസിച്ചെടി നട്ടുവളർത്തണം എന്ന് ചിലർ പറയുന്നത്. തുളസിയിൽ അധിവസിക്കുന്നത് വിഷ്ണുവിന്റെ പത്നിയായ ലക്ഷ്മിയാണെന്നാണല്ലേ വിശ്വസിക്കുന്നത്. അതിനാൽ വാഴയും തുളസിയും ഒരുമിച്ച് നട്ടാൽ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അനുഗ്രഹം കുടുംബാംഗങ്ങൾക്ക് ലഭിക്കും.
വീടിന് സമീപത്ത് വാഴ വയ്ക്കുന്നതിന് ചില പ്രത്യേക സ്ഥാനങ്ങളുണ്ട്. അവിടെയല്ലാതെ വാഴവച്ചാൽ ഗുണം കിട്ടില്ലെന്ന് മാത്രമല്ല, ദോഷങ്ങൾ ആവോളം ഉണ്ടാവുകയും ചെയ്യും. ഒരിക്കലും വീടിന് മുന്നിൽ വാഴ വയ്ക്കരുത്. എന്നാൽ വീടിന്റെ പുറകുവശത്ത് വാഴ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, സ്ഥലം വൃത്തിയുള്ളതായിരിക്കണം. വീടിന്റെ തെക്ക്, പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളില്‍ നടുന്നതും ദോഷകരമാണ്.
വാഴ നിൽക്കുന്ന സ്ഥലവും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. മീൻ, ഇറച്ചി എന്നിവ കഴുകിയ വെള്ളം വാഴയുടെ ചുവട്ടിൽ ഒഴിക്കരുത്. അങ്ങനെ ചെയ്താൽ ദോഷങ്ങൾ വിട്ടൊഴിയില്ലെന്ന് മാത്രമല്ല സാമ്പത്തികമായി പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും. അതുപോലെ ഭക്ഷണാവശിഷ്ടങ്ങളും ചുവട്ടിൽ ഇടാതിരിക്കാൻ പരമാവധി ശ്രമിക്കുക. വാഴയും വാഴയിലയും വ്യാഴാഴ്ചകളിൽ വെട്ടുന്നത് ഒഴിവാക്കുക. ഈ ദിവസം വാഴക്കുല മുറിക്കുന്നതും ഒഴിവാക്കുക.