
തിരുവനന്തപുരം: ഇന്ന് തലസ്ഥാന ജില്ലയിൽ പ്രവേശിക്കുന്ന നവകേരള സദസിനെതിരെ സമര മുഖം കടുപ്പിക്കാൻ കോൺഗ്രസും യു.ഡി.എഫും. കരിങ്കൊടി പ്രതിഷേധത്തിൽ ഡി.വൈ.എഫ്.ഐക്കാരുടെ തല്ലുകൊണ്ട് മടുത്ത കോൺഗ്രസുകാർ 'ജീവൻ രക്ഷാ പ്രവർത്തനം' തിരിച്ചും തുടങ്ങി. ഇന്നലെ കൊല്ലത്ത് കണ്ടത് ഇതാണ്. ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടിയും ഇതിനുണ്ട്.
കാര്യങ്ങൾ തെരുവ് യുദ്ധത്തിൽ കലശിക്കുമെന്ന ആശങ്കയും ഉയരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി നേരിടാൻ മുഖ്യമന്ത്രിയുടെ ഗൺമാനും ഇറങ്ങിയതും, വിലാംഗനായ പ്രവർത്തകന് പോലും മർദ്ദനമേൽക്കേണ്ടി വന്നതുമാണ് അണികളെ ചൊടിപ്പിക്കുന്നത്. നേതാക്കളുടെ പ്രതിഷേധം പ്രസ്താവനകളിലല്ലാതെ പ്രവൃത്തിയിൽ കാണുന്നില്ലെന്നും സമര വീര്യം ചോർന്നെന്നും വിമർശനമുയർന്നു. നവകേരളയ്ക്ക് ബദലായി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് നിന്ന് യു.ഡി.എഫ് ആരംഭിച്ച കുറ്റവിചാരണ സദസ് നനഞ്ഞ പടക്കവുമായി.
പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സർക്കാരിനെതിരെ ജനരോഷമുയർത്താൻ നിലവിലെ സമര മുറകൾ പര്യാപ്തമാവില്ലെന്ന വികാരമാണ് അണികളിൽ ഉയരുന്നത്. അക്രമങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കണമെന്ന ആവശ്യവും ശക്തമായി. തുടർന്നാണ് സമരവീര്യം കൂട്ടാൻ നേതൃത്വം നിർബന്ധിതരായത്. പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിയെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ചയിലും ഈ വികാരം പങ്കു വച്ചു.
ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച്
കോൺഗ്രസ് പ്രവർത്തകർ ഇന്ന് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തും. രാവിലെ 11ന് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കും. നവ കേരള മാർച്ച് തലസ്ഥാനത്ത് സമാപിക്കുന്ന 23ന് കെ.സുധാകരന്റെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് ചെയ്യും. എം.പിമാരും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
ഇടത് ക്രിമിനലുകളെ തുടർന്നും നേരിടും: കൊടിക്കുന്നിൽ
സമാധാനപരമായി പ്രതിഷേധം അറിയിക്കുന്ന യുവാക്കൾക്കെതിരെ ഗുണ്ടായിസം നടത്തുന്ന പിണറായി പൊലീസിനെയും ഇടതു ക്രിമിനലുകളെയും തുടർന്നും നേരിടുമെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. തലസ്ഥാന നഗരത്തിൽ നവകേരള സദസ് എത്തുന്നതോടെ പിണറായി വിജയന്റെയും അഹന്തയുടെ അവസാന വാക്കായ മന്ത്രിസഭയുടെയും ധാർഷ്ട്യം അവസാനിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
കൊല്ലം ജില്ലയിലെ നവകേരള സദസ് കടന്നു പോയ വഴിയിൽ സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ടാസംഘങ്ങളുടെ അക്രമത്തിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ 'ജീവൻരക്ഷാ പ്രവർത്തനം ' അഭിനന്ദനം അർഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.