
തൊടുപുഴ: ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ വൻതോതിൽ വ്യാജവാറ്റും, കഞ്ചാവ് കടത്തും വ്യാപകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസും എക്സൈസും പഴുതടച്ച പരിശോധനകൾ ഊർജിതമാക്കി. അടുത്ത ദിവസങ്ങളിലായി വൻതോതിൽ വ്യാജമദ്യവും ചാരായ നിർമ്മാണത്തിനുള്ള കോടയും കണ്ടെടുത്തു. ഇന്നലെ മാത്രം പന്ത്രണ്ട് കിലോ കഞ്ചാവും ഇരുപത്തിയഞ്ച് ലിറ്റർ വ്യാജമദ്യവുമാണ് കണ്ടെടുത്തത്.
12.1 കിലോ കഞ്ചാവുമായെത്തിയ രണ്ട് പേരെ മുരിക്കാശേരി പൊലീസാണ് പിടികൂടിയത്. കമ്പിളികണ്ടം പാറത്തോട് പുല്ലൻകുന്നേൽ ജോഷി (43), കമ്പിളികണ്ടം പാറത്തോട് കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജി (54) എന്നിവരാണ് പിടിയിലായത്. ക്രിസ്മസ്, പുതുവത്സരാഘോഷം പ്രമാണിച്ച് ഇടുക്കി എസ്.പിയുടെ പ്രത്യേക നിർദേശപ്രകാരം ഇടുക്കി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്. ബഥേൽ മേലേച്ചിന്നാർ റോഡിൽ വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ പ്രതികൾ വാഹനം നിറുത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്നാലെയെത്തി പിടികൂടിയപ്പോഴാണ് പ്രതികളിൽ നിന്ന് ചാക്കിലും ബാഗിലും നിറച്ച 12.1 കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുരിക്കാശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എൻ.എസ്. റോയി, എസ്.ഐമാരായ ജോഷി കെ. മാത്യു, കെ.ഡി. മണിയൻ, പി.ഡി. സേവ്യർ, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ ധന്യ മോഹൻ, മീനു, ജയേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.