
കൊച്ചി: എറണാകുളം കമ്മട്ടിപ്പാടത്ത് 59കാരിയെ മൃഗീയമായി പീഡിപ്പിച്ചശേഷം മർദ്ദിച്ച് ചതുപ്പിൽ തള്ളിയ കേസിലെ പ്രതി അസാം സ്വദേശി ഫിർദൗസ് അലി (28) പൊലീസിന്റെ വലയിൽവീണത് അന്വേഷണസംഘം ഇറക്കിയ സ്മാർട്ട് ഫോൺ 'നമ്പറി"ൽ. ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ ഫിർദൗസിന്റെ ഫോൺ കടവന്ത്ര പൊലീസ് വിട്ടുകൊടുത്തിരുന്നില്ല. കേസിൽ തുടർനടപടി പൂർത്തിയാക്കി, ഫൈൻ അടച്ചാൽ ഫോൺ തിരികെ നൽകാമെന്ന് അറിയിച്ചാണ് ഫിർദൗസിന് ജാമ്യം നൽകിയത്.
സംഭവശേഷം നഗരം വിട്ട ഫിർദൗസിനെ ഫോൺ തിരികെ നൽകാമെന്നും കാഞ്ചാവ് കേസിലെ നടപടികൾ പൂർത്തിയായെന്നും പൊലീസ് അറിയിച്ചു. തന്നെ കുടുക്കാനുള്ള വിളിയാണെന്ന് ഇയാൾ അറിഞ്ഞില്ല. തുടർന്ന് ഫോൺവാങ്ങാനായി കൊച്ചിയിലേക്ക് എത്തിയ പ്രതിയെ കലൂരിൽ വച്ച് ബസിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
59കാരിയെ ചതുപ്പിൽ തള്ളിയ സംഭവം പൊലീസ് അന്വേഷിക്കില്ലെന്നും താൻ ഒരിക്കലും പിടിയിലാകില്ലെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഫോൺ പൊലീസ് കസ്റ്റഡിയിലായതിന് ശേഷം ഫിർദൗസ് ഡ്യൂപ്ലിക്കേറ്റ് സിം എടുത്തിരുന്നു. ഈ നമ്പറിൽ നിന്ന് കഞ്ചാവ് കേസിനെക്കുറിച്ചും ഫോണിനെക്കുറിച്ചും അറിയാൻ പൊലീസിനെ വിളിച്ചിരുന്നത്. ഇതാണ് അന്വേഷണസംഘത്തിന് പിടിവള്ളിയായി.
നോർത്ത് ഭാഗത്ത് നിന്ന് ലഭിച്ച സി.സി ടിവി ദൃശ്യത്തിൽ ഇയാളുടെ രൂപം കണ്ട് കടവന്ത്ര സ്റ്റേഷനിലെ ഒരു പൊലീസുകാരന് തോന്നിയ സംശയമാണ് അന്വേഷണത്തിന്റെ ഗതിമാറ്റിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ചെരിപ്പുകളിൽ ഒന്നും ഫിർദൗസിന്റെ ഫേസ്ബുക്കിലും ട്രൂകോളറിലും ഉണ്ടായിരുന്ന ഫോട്ടോകളിൽ ഇയാൾ ധരിച്ചിരുന്ന ചെരിപ്പും ഒന്നായിരുന്നും. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
തിരിച്ചറിയൽ പരേഡ് :അപേക്ഷ നൽകി
കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഫിർദൗസിനെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കും. ഇതിനുള്ള അപേക്ഷ കടവന്ത്ര പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. കക്കനാട് ജില്ലാ ജയിലിൽ വച്ചാകും നടപടി. നോർത്ത് റേയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പ്രതിയെ കണ്ടവർ, സ്ത്രീയുമായി യാത്രചെയ്ത ഓട്ടോയുടെ ഡ്രൈവർ, ഇയാൾ ജോലി ചെയ്തിരുന്ന പെരുമ്പാവൂരിലെ ഹോട്ടലുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെല്ലമാണ് സാക്ഷി പട്ടികയിലുള്ളതെന്നാണ് അറിയുന്നത്. ഇതിന് ശേഷം ഫിർദൗസിനെ കസ്റ്റഡിയിൽ വാങ്ങും. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് കടവന്ത്ര സി.ഐ. സിബി ടോം പറഞ്ഞു.
ഭാര്യപിണങ്ങിപ്പോയി
ഫിർദൗസ് നാടുവിട്ടു
വിവാഹിതനാണ് ഫിർദൗസ്. ലൈംഗിക വൈകൃതവും സ്വഭാവദൂഷ്യവുമുള്ളതിനാൽ പത്ത് വർഷം മുമ്പ് ഭാര്യ പിണങ്ങിപ്പോയി. തുടർന്നാണ് ഇയാൾ നാടുവിടുന്നത്. വയനാടുള്ള ഒരു ഹോട്ടലിൽ പൊറോട്ടയടിക്കാരനായിരുന്നു ഏതാനും വർഷം. അടുത്തിടെയാണ് എറണാകുളത്ത് എത്തിയത്. ഫിർദൗസ് പതിവായി പരസ്ത്രീബന്ധം പുലർത്തുന്ന ആളായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക വൈകൃതത്തിന് അടിമയായ ഇയാൾ, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരുന്നതിനിടെയാണ് 59കാരിയെ നോട്ടമിട്ടത്. പിന്നീട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി ഓട്ടോയിൽ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.