
കോവളം:ക്രിസ്മസ്,പുതുവത്സരം ആഘോഷിക്കാനെത്തുന്നവരെ വരവേൽക്കാൻ കോവളത്ത് ഒരുക്കങ്ങൾ തുടങ്ങി.കോവളം ടൂറിസം പ്രൊമോഷൻ കൗൺസിൽ,കോവളം പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങൾ.സ്വകാര്യ ഹോട്ടലുകളിൽ ഡി.ജെ പാർട്ടികളടക്കമുള്ള ആഘോഷങ്ങൾക്ക് പൊലീസ് ശക്തമായ നിയന്ത്രണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. പുതുവത്സരദിനാഘോഷത്തിന് കനത്ത സുരക്ഷയൊരുക്കാനാണ് തീരുമാനം.ബീച്ചിലെ അനധികൃത സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള സവാരികൾക്ക് പ്രത്യേക പരിശോധന ഉണ്ടാകും. കോവളം ജംഗ്ഷനിലെ അനിമേഷൻ സെന്ററിൽ നടന്ന സുരക്ഷാ ക്രമീകരണ അവലോകന യോഗത്തിലായിരുന്നു നിർദ്ദേശം.യോഗത്തിൽ ഫോർട്ട് എ.സി പി.ഷാജി കോവളം സി.ഐ എസ്. ബിജോയ്,എസ്.ഐ അനീഷ് കുമാർ,ജനമൈത്രി പൊലീസ് സി.ആർ.ഒ ബിജു.ടി,എസ്.ഐ രാജേഷ്,ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളായ അഡ്വ.വിജയൻ,കെ.ജ്യോതികുമാർ തുടങ്ങിയവരും പങ്കെടുത്തു.ആഘോഷം കൊഴുപ്പിക്കാൻ ആയിരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസ് നിർദ്ദേശങ്ങൾ
ആഘോഷങ്ങൾക്കുശേഷം രാത്രി 12.30നുള്ളിൽ തീരംവിട്ട് മടങ്ങണം
ഹോട്ടൽ അൻഡ് റസ്റ്റോറന്റ് ഉടമകൾക്ക് 29 ഓളം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്
ഡി.ജെ പാർട്ടികൾ ചേരുന്നതിന് മുൻകൂറായി പൊലീസിന്റെ അനുമതി വാങ്ങണം.തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും അറിയിക്കണം.
പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ രേഖകൾ സൂക്ഷിക്കണം
രാത്രി 12ന് ലൈറ്റ് ഒാഫ് ചെയ്യുവാൻ പാടില്ല, മദ്യപിച്ച് സ്വിമ്മിംഗ് പൂളിൽ ഇറങ്ങാൻ ആരെയും അനുവദിക്കില്ല.ഉത്തരവാദിത്വം ഹോട്ടൽ ഉടമകൾക്കായിരിക്കും
പി.സി.സി ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ കോവളത്തെ സ്ഥാപനങ്ങളിൽ അനുവദിക്കില്ല. ഇതിനായി പ്രത്യേക പരിശോധന നടത്തും
ബീച്ചിൽ ഭയപ്പെടുത്തുന്ന കരിമരുന്ന് പ്രയോഗം പാടില്ല
സൗണ്ട്സ് സിസ്റ്റം ഉപയോഗിക്കുന്നവർ മൈക്ക് ഓർഡർ വാങ്ങിയിരിക്കണം
വാഹനനിയന്ത്രണം
ന്യൂ ഇയർ ദിവസം രാത്രി 10 മണിക്ക് ശേഷം കോവളം ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും
ഹോട്ടലിൽ തങ്ങുന്നവർ
കോവളത്ത് എത്തുന്ന സഞ്ചാരികൾ രാത്രി 8 മണിക്ക് മുമ്പ് അതത് ഹോട്ടലുകളിൽ എത്തിച്ചേരണം. മായക്കുന്ന്,തൊഴിച്ചൽ,സിറോക്ക് ബീച്ച്,ഗ്രോ ബീച്ച്, കോവളം ജംഗ്ഷൻ മുതൽ ഗ്രോബീച്ച് വരെ റോഡിന്റെ ഒരു ഭാഗത്ത് പാർക്കിംഗ് ഒരുക്കും. ബീച്ചിൽ സ്വകാര്യ വ്യക്തികളുടെ യാതൊരു കലാപരിപാടികളും അനുവദിക്കില്ല.