വണ്ടിപ്പെരിയാറിൽ ചിത്രീകരണം പുരോഗമിക്കുന്നു

മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിലേക്ക് ഷിഫ്ട് ചെയ്യുന്നു. ചെന്നൈയ്ക്കുശേഷം കോയമ്പത്തൂരിലും ചിത്രീകരണമുണ്ട്. ഇതോടെ പാക്കപ്പ് ആകും. അതേസമയം ഇടുക്കി വണ്ടിപ്പെരിയാറിൽ ടർബോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കന്നട നടൻ രാജ് ബി. ഷെട്ടി , തെലുങ്ക് നടൻ സുനിൽ , തമിഴ് നടൻ അർജുൻ ദാസ് എന്നിവർ പ്രതിനായകവേഷത്തിൽ എത്തുന്നു. സുനിലിന്റെയും അർജുൻ ദാസിന്റെയും മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ടർബോ. മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ സണ്ണി വയ്ൻ എത്തുന്നു. അഞ്ജന ജയപ്രകാശ് ആണ് നായിക. നിരഞ്ജന അനൂപ് , പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോ ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്ന ടർബോയ്ക്ക് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് രചന നിർവഹിക്കുന്നത് . വിഷ്ണു ശർമ്മ ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിൻ വർഗീസ്. എഡിറ്റർ: ഷമീർ മുഹമ്മദ്.