
കൊച്ചി: പാപ്പർഹർജിയിലായ വിമാന കമ്പനിയായ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ സ്‌പൈസ് ജെറ്റ് നീക്കം ശക്തമാക്കി. ആഭ്യന്തര, വിദേശ വ്യോമയാന വിപണിയിൽ മികച്ച വളർച്ച ഉറപ്പുവരുത്താനായി ഗോ എയർലൈൻസ് ഇന്ത്യ ലിമിറ്റഡിന്റെ ലേലത്തിൽ പങ്കാളിയാകുമെന്ന് സ്‌പൈസ് ജെറ്റ് മാനേജ്മെന്റ് വ്യക്തമാക്കി. ഇതോടെ വിമാനങ്ങളുടെയും സർവീസുകളുടെയും എണ്ണം വർദ്ധിപ്പിക്കാനും കൂടുതൽ യാത്രക്കാരെ നേടാനും കഴിയുമെന്നാണ് സ്‌പൈസ് ജെറ്റ് വിലയിരുത്തുന്നത്. ചെലവ് കുറഞ്ഞ വിമാന സർവീസ് മേഖലയിൽ മത്സരം കുറവായതിനാൽ പുതിയ നീക്കം സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സ്‌പൈസ് ജെറ്റിനെ സഹായിച്ചേക്കും.
സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും ബിസിനസ് വളർച്ച ഉറപ്പുവരുത്തുന്നതിനുമായി 27 കോടി ഡോളർ വിപണിയിൽ നിന്ന് സമാഹരിക്കുന്നതിന് കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിരുന്നു. ഇന്നലെ സ്‌പൈസ് ജെറ്റിന്റെ ഓഹരി വില ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 64.5 രൂപയിലെത്തി.