
ന്യൂഡൽഹി: സർവകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദേശം ചെയ്യുന്നതിനെ എതിർക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അവരെ സംഘപരിവാർ അനുകൂലികൾ മാത്രമായതുകൊണ്ട് എതിർക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അക്കാദമീഷ്യന്റെ യോഗ്യത മാനിച്ച് ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിന് വിമർശിക്കണം. സംഘപരിവാർ അനുകൂലികൾ ഉൾപ്പെട്ടതിനെ എതിർക്കുന്നില്ലല്ലോ?. അവരിൽ കൊള്ളാവുന്നവരുണ്ട്. അവരെ എടുക്കുന്നതിന് എന്താണ് തടസം. അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രം വച്ചു പോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനെയാണ് എതിര്‍ക്കുക. കോൺഗ്രസിൽ എല്ലാവരെയും വയ്ക്കാൻ പറ്റില്ല'.- സുധാകരൻ പറഞ്ഞു.
ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകൾ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അതിന്റെ റിപ്പോർട്ട് ലഭിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.