gaza

ടെൽഅവീവ്: ഗാസയിൽ വെടിനിറുത്തുന്നതിനായി യു.എൻ സെക്യൂരിറ്റി കൗൺസിൽ പുതിയ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടത്തും. ഗാസയിൽ വെടിനിറുത്തൽ വേണമെന്ന പ്രമേയത്തിലെ വരി, താത്കാലികമായി നിറുത്തിവയ്ക്കണമെന്നാക്കി മാറ്റണമെന്ന് യു.എസ് ആവശ്യപ്പെട്ടു.

അതേസമയം, വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. റാഫയിൽ മൂന്ന് കെട്ടിടങ്ങൾക്കുനേരെ നടത്തിയ ബോംബേറിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. യു.എൻ വെടിനിറുത്തൽ ചർച്ചയ്ക്കിടെയാണ് ഇസ്രയേൽ ആക്രമണം തുടരുന്നതെന്ന് ഹമാസ് പ്രതികരിച്ചു. ഗാസയിൽ രണ്ടു സൈനികർ കൂടി കൊല്ലപ്പെട്ടതായും റാഫയിൽ ഒരു ഹമാസ് ഫിനാൻസിയറെ കൊന്നെന്നും ഇസ്രയേൽ സേന അറിയിച്ചു. ഇതുവരെ 19,453 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.

വാണിജ്യ ഷിപ്പിംഗിനെതിരായ ഹൂതി ആക്രമണങ്ങൾക്ക് തടയിടാൻ ചെങ്കടലിൽ പട്രോളിംഗ് നടത്തുന്നതിനായി സഖ്യത്തെ രൂപീകരിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രഖ്യാപിച്ചു.

അതിനിടെ, ഹൂതി വിമതരുടെ ആക്രമണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ചെങ്കടലിലെ കപ്പൽ വ്യാപാരം സംരക്ഷിക്കാൻ 10 രാജ്യങ്ങൾ സഖ്യം രൂപീകരിക്കാൻ സമ്മതിച്ചതായി യു.എസ് അറിയിച്ചു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ ഇസ്രയേലിലേക്ക് പോകുന്നതായി കരുതുന്ന കപ്പലുകളെയാണ് ആക്രമിക്കുന്നത്.

പരിക്കേറ്റവർക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ട് ഇസ്രയേൽ
പരിക്കേറ്റ് ​ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർക്ക് നേരെ ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിട്ട് ഇസ്രയേൽ സൈന്യം. ​കമാൽ അദ്‌വാൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെ ഇസ്രയേൽ സേന ബുൾഡോസറുകൾ ഉപയോഗിക്കുകയും ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തെന്നും അതിൽ അന്വേഷണം വേണമെന്നും ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.