
അലാവേസിനെ 3-0ത്തിന് തകർത്ത് ജിറോണ ലാ ലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
മാഡ്രിഡ് : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ അലാവേസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ജിറോണ സ്പാനിഷ് ലാലിഗ ഫുട്ബാളിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ആർട്ടെം ഡോബിവിക്ക് നേടിയ ഇരട്ട ഗോളുകളും പോർട്ടുവിന്റെ ഒരു ഗോളുമാണ് ജിറോണയ്ക്ക് വിജയമൊരുക്കിയത്.
തങ്ങളുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 23-ാം മിനിട്ടിൽ ഡോബിവിക്കിലൂടെയാണ് ജിറോണ ആദ്യം സ്കോർ ചെയ്തത്. 42-ാം മിനിട്ടിൽ പോർട്ടുവും സ്കോർ ചെയ്‌തതോടെ ആദ്യ പകുതിയിൽ അവർ 2-0ത്തിന് ലീഡ് ചെയ്തു. 59-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ഡോബിവിക്ക് പട്ടിക പൂർത്തിയാക്കിയത്.
17 മത്സരങ്ങളിൽ നിന്ന് 14 വിജയങ്ങൾ നേടിയ ജിറോണ 44 പോയിന്റുമായാണ് ലാ ലിഗയിലെ ഒന്നാം സ്ഥാനം റയൽ മാഡ്രിഡിൽ നിന്ന് തിരികെ വാങ്ങിയത്. റയൽ 42 പോയിന്റുമായി വീണ്ടും രണ്ടാമതായി.35 പോയിന്റുള്ള ബാഴ്സലോണ മൂന്നാം സ്ഥാനത്തും 34 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാമതുമാണ്.