
അഹമ്മദാബാദ്: ഭാര്യയോട് ചെയ്‌താലും ബലാത്സംഗം ബലാത്സംഗം തന്നെയെന്ന് ഗുജറാത്ത് ഹൈക്കോടതി. രാജ്യത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ മറച്ചുവച്ച് നിശ്ശബ്ദമാക്കപ്പെടുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു.
ബലാത്സംഗ കേസിൽ ഭർത്തൃ മാതാവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ദിവ്യേഷ് ജോഷിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
യുവതിയെ ഭർത്താവും ഭർത്തൃപിതാവും ബലാത്സംഗം ചെയ്ത് നഗ്‌നവീഡിയോ പകർത്തുകയും അശ്ലീല സൈറ്റുകളിൽ ഇടുകയും ചെയ്‌തെന്ന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഒരു മനുഷ്യൻ മനുഷ്യനാണ്. പ്രവൃത്തി പ്രവൃത്തിയും. ബലാത്സംഗം ബലാത്സംഗം തന്നെയാണ്.
ബലാത്സംഗക്കേസുകളിൽ ഭർത്താവാണ് പ്രതിയെങ്കിൽ ഒഴിവാക്കപ്പെടുന്നതാണ് രീതി. ബലാത്സംഗമാണെങ്കിൽ കൃത്യം നടത്തിയത് ഭർത്താവാണോ ഇരയായത് ഭാര്യയാണോ എന്ന് നോക്കേണ്ടതില്ല. പുരുഷനും സ്ത്രീയുമായി കണ്ടാൽമതി. ഭരണഘടന അനുസരിച്ച് തുല്യതയുള്ളവരുടെ ഒന്നിക്കലാണ് വിവാഹം. അധികാരത്തിലെ അസമത്വം, സാമ്പത്തിക ആശ്രയത്വം, ദാരിദ്രയം തുടങ്ങി നിരവധി കാരണങ്ങളാൽ സ്ത്രീകൾക്കെതിരായ പല അതിക്രമങ്ങളും മറച്ചുവയ്ക്കപ്പെടുന്നു. അതിക്രമം നിശ്ശബ്ദമായി സഹിച്ച് ഒതുങ്ങിക്കഴിയുന്നവർ ഏറെയാണ്. ഈ നിശ്ശബ്‌ദ ഇല്ലാതാക്കണം.
അമേരിക്ക,ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പല സംസ്ഥാനങ്ങളിലും ന്യൂസിലാൻഡ്, കാനഡ, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക് തുടങ്ങി പല രാജ്യങ്ങളിലും വിവാഹാനന്തരമുള്ള ബലാത്സംഗം കുറ്റകരമാണ്.
രാജ്‌കോട്ടിലാണ് നിരീക്ഷണത്തിന് ആധാരമായ കേസ്.
സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭർത്താവും അയാളുടെ അച്ഛനമ്മമാരും അറസ്റ്റിലായി. പണം ആവശ്യമായി വന്നപ്പോൾ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയായിരുന്നു.
ഭാര്യയുടെ വീഡിയോ പകർത്തി ഭർത്താവ് അച്ഛന് കൈമാറി. ഇയാളും മരുമകളെ ബലാത്സംഗം ചെയ്‌തു. ഭർത്തൃമാതാവിന്റെ സമ്മതത്തോടെയായിരുന്നുഅതിക്രമം.
ഒത്താശയുമുണ്ടായി. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നതും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അതിക്രമിക്കുന്നതും നിസ്സാരവത്കരിക്കാനും സിനിമകളിലും പതിവ് സംസാരങ്ങളിലും കാല്പനികവത്കരിക്കാനും പ്രവണതകളുണ്ടെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആൺകുട്ടികൾ അങ്ങനെയൊക്കെയാണെന്ന സാമാന്യവത്കരണം ഇരകളെ നിശ്ശബ്ദമായ സഹനത്തിന് പ്രേരിപ്പിക്കുന്നതായും അഭിപ്രായപ്പെട്ടു.