
കറാച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ സഹായി ഛോട്ടാ ഷക്കീൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദാവൂദ് ജീവനോടെയുണ്ടെന്നും ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ സുരക്ഷ 24 മണിക്കൂറും ഉള്ളതിനാൽ വിഷം കലർത്താനുള്ള സാദ്ധ്യതയും ഛോട്ടാ ഷക്കീൽ തള്ളി.
വാർത്ത കണ്ട് ഞെട്ടിപ്പോയി. കഴിഞ്ഞ ദിവസം കൂടി ദാവൂദിനെ കണ്ടിരുന്നു. അദ്ദേഹം 1000ശതമാനം ഫിറ്റാണ്. വാർത്ത ദുരുദ്ദേശ്യത്തോടെ കാലാകാലങ്ങളിൽ പരക്കുന്ന കിംവദന്തികൾ മാത്രമാണെന്നും ഷക്കീൽ വ്യക്തമാക്കി.
പാകിസ്ഥാനിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഭായിയെ ആരോഗ്യവാനായിരുന്നു.
വിഷബാധയേറ്റ ദാവൂദിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു വാർത്തകൾ. ദാവൂദ് മരിച്ചെന്നും വാർത്തകൾ പുറത്തുവന്നു. പാകിസ്ഥാന്റെ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കക്കറിന്റെ പേരിലുള്ള വ്യാജ സോഷ്യൽ മീഡിയ ഐ.ഡിയിൽ നിന്നായിരുന്നു ദാവൂദിന്റെ മരണം സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള ചില സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
പാകിസ്ഥാനിലെ അപ്രഖ്യാപിത ഇന്റർനെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ വെർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നും ആരോപണമുണ്ട്. ഇമ്രാൻ ഖാൻ അനുയായികളെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുന്നത് തടയാനായിരുന്നു സർക്കാർ ഇത് ചെയ്യുന്നതെന്ന് പി.ടി.ഐ ആരോപിച്ചു.
1993ലെ മുംബയ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ദാവൂദിന് പാകിസ്ഥാൻ അഭയം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം പാകിസ്ഥാൻ നിഷേധിച്ചു. കറാച്ചിയിലെ ക്ലിഫ്‌ടൺ പ്രദേശത്ത് ഇയാളുടെയും ഷക്കീലിന്റെയും സാന്നിദ്ധ്യം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അതും പാകിസ്ഥാൻ നിരസിച്ചു. ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ പാകിസ്ഥാനിൽ ദാവൂദിന് മൈസാബിൻ എന്ന് പേരുള്ള രണ്ടാമത്തെ ഭാര്യയും കുട്ടികളുമുണ്ടെന്നും വാർത്തകൾ വന്നിരുന്നു.