
ന്യൂഡൽഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖാർഗെയെ നിർദ്ദേശിച്ച് സഖ്യത്തിലെ നേതാക്കൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാൾ ഇതിനെ പിന്തുണച്ചു. എന്നാൽ ഖാർഗെ ഈ ആവശ്യത്തെ നിരസിച്ചു. ഖാർഗെയെ നിർദ്ദേശിച്ചെന്ന വിവരം വിവിധ പ്രതിപക്ഷ പാർട്ടികളും സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഡൽഹിയിലാണ് ഇന്ത്യാ സഖ്യത്തിന്റെ യോഗം നടന്നത്.
പാർലമെന്റിലെ സുരക്ഷാ വിഴ്‌ചയിൽ പ്രതിഷേധിച്ച 141ഓളം പ്രതിപക്ഷ എം.പിമാർ സസ്പെൻഷൻ നേരിടുന്ന ഘട്ടത്തിലാണ് ഇന്ന് ഇന്ത്യാ സഖ്യം യോഗം ചേർന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി കാര്യത്തിൽ അന്തിമതീരുമാനം എത്തിയിട്ടില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനാണ് പ്രാമുഖ്യം നൽകേണ്ടതെന്ന് യോഗത്തിൽ ഖാർഗെ മറുപടി നൽകി. സീറ്റ് വിഭജനമടക്കം ഭാവികാര്യങ്ങൾ ഇനി ചർച്ചയാകും. ശരദ് പവാർ, നിതീഷ് കുമാർ, ലാലുപ്രസാദ് യാദവ്,എം.കെ സ്റ്റാലിൻ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി 28 പ്രതിപക്ഷ കക്ഷി നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.