sanju-samson

ക്വേബെര്‍ഹ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ മലയാളി താരത്തിന് 23 പന്തുകളില്‍ നിന്ന് വെറും 12 റണ്‍സ് മാത്രമാണ് നേടാനായത്. ഒരു ഫോര്‍ മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

പ്രോട്ടീസിന്റെ പേസര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ പന്തില്‍ മോശം ഷോട്ട് കളിച്ചാണ് സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആയി പുറത്തായത്. ആദ്യ ഏകദിന ടീമിലും സഞ്ജു ഉള്‍പ്പെട്ടിരുന്നുവെങ്കിലും ബാറ്റിംഗില്‍ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ അവസാന മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

അതേസമയം കരിയറിലെ രണ്ടാം മത്സരത്തിലും യുവതാരം സായ് സുദര്‍ശന്‍ ഹാഫ് സെഞ്ച്വറി നേടി. 83 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സാണ് താരം നേടിയത്. സുദര്‍ശന് പുറമേ നായകന്‍ കെഎല്‍ രാഹുലും അര്‍ദ്ധ സെഞ്ച്വറി നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ് 35 ഓവര്‍ പിന്നിടുമ്പോള്‍ നഷ്ടമായിരിക്കുന്നത്. റുതുരാജ് ഗെയ്ക്‌വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ എന്നിവരാണ് പുറത്തായത്.