ipl

ദുബായ് : 17-ാം സീസൺ ഐ.പി.എല്ലിന് മുന്നോടിയായി ഇന്നലെ ദുബായ്‌യിൽ നടന്ന മിനി താരലേലത്തിൽ മിന്നിത്തിളങ്ങിയത് ഓസ്ട്രേലിയൻ താരങ്ങൾ. ഇടംകയ്യൻ ഓസീസ് പേസർ മിച്ചർ സ്റ്റാർക്കിനെ ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോൾ ഏകദിന ലോകകപ്പും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്ത നായകൻ പാറ്റ് കമ്മിൻസിനെ 20.50 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപമാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇതുവരെ ആസ്ട്രേലിയൻ ടീമിൽ കളിക്കാത്ത സ്പെൻസർ ജോൺസണിന് 10 കോടി രൂപയാണ് ഗുജറാത്ത് ടൈറ്റാൻസ് നൽകിയത്. ലോകകപ്പ് സെമിയിലും ഫൈനലിലും മാൻ ഒഫ് ദ മാച്ചായ ട്രാവിസ് ഹെഡിനെ 6.80 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ നേടിയെടുത്തതോടെ മൂന്നുപേരും ചേർന്ന് ഓസ്ട്രേലിയയിലേക്ക് എത്തിച്ചത് 62.05 കോടി രൂപയാണ്.

രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന കമ്മിൻസിനുവേണ്ടിയാണ് ആദ്യം വാശിയേറിയ വിളിയുണ്ടായത്. ഐ.പി.എല്ലിലെ അതുവരെയുള്ള റെക്കാഡ് തുകയായ 20.50 കോടിക്ക് സൺറൈസേഴ്സ് കമ്മിൻസിനെ വിളിച്ചെടുത്ത് ഒരു മണിക്കൂർ തികയുംമുന്നേ ആ റെക്കാഡ് തകർത്ത് കൊൽക്കത്ത സ്റ്റാർക്കിനായി 24.75 കോടി മുടക്കി രംഗത്തെത്തി. നേരത്തേ ആർ.സി.ബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സ്റ്റാർക്ക്. കമ്മിൻസ് മുമ്പ് കൊൽക്കത്തയുടെ താരമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഏകദിന ലോകകപ്പിനുമായി കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്ന കമ്മിൻസ് തിരിച്ചുവരവ് അതിഗംഭീരമാക്കുകയായിരുന്നു.

14 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ കിവീസ് ബാറ്റർ ഡാരിൽ മിച്ചൽ, 11.5 കോടിക്ക് ആർ.സി.ബിയിലെത്തിയ വിൻഡീസ് ബൗളർ അൽസാരി ജോസഫ്, 7.4 കോടിക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വിൻഡീസ് ബാറ്റർ റോവ്മാൻ പവൽ തുടങ്ങിയവരാണ് ലേലത്തിൽ തിളങ്ങിയ മറ്റ് വിദേശ താരങ്ങൾ. ഇംഗ്ളണ്ടിന്റെ ആൾറൗണ്ടർ ക്രിസ് വോക്സ് 4.2കോടി രൂപയും ഹാരി ബ്രൂക്ക് 4 കോടി രൂപയും നേടി. വോക്സിനെ പഞ്ചാബ് കിംഗ്സും ബ്രൂക്കിനെ ഡൽഹി ക്യാപ്പിറ്റൽസുമാണ് സ്വന്തമാക്കിയത്. ലങ്കൻ താരം ദിൽഷൻ മധുഷങ്കയെ 4.6കോടിക്ക് മുംബയ് ഇന്ത്യൻസ് വാങ്ങി. ലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ 1.5കോടിക്ക് സൺറൈസേഴ്സിന്റെ കൂടാരത്തിലെത്തി.

ഈ ലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിക്കുമെന്ന് കരുതിയിരുന്ന കിവീസിന്റെ ഇന്ത്യൻ വംശജനായ ആൾറൗണ്ടർ രചിൻ രവീന്ദ്രയ്ക്ക് 1.8 കോടി രൂപമാത്രമാണ് നേടാനായത്. ചെന്നൈ സൂപ്പർ കിംഗ്സാണ് രവീന്ദ്രയെ സ്വന്തമാക്കിയത്.

ഹർഷലാരവം

ദേശീയ ടീമിൽ കളിച്ച ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന വില നേടിയത് ഹർഷൽ പട്ടേലാണ്. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ഇലവനാണ് ഹർഷലിനെ സ്വന്തമാക്കിയത്. നേരത്തേ ആർ.സി.ബി താരമായിരുന്നു ഹർഷൽ. സീനിയർ ഇന്ത്യൻ താരം ഉമേഷ് യാദവിനെ 5.8കോടിക്ക് ഗുജറാത്ത് ടൈറ്റാൻസ് സ്വന്തമാക്കി. ജയ്ദേവ് ഉനദ്കദ് 1.6കോടിക്ക് സൺറൈസേഴ്സിലെത്തി.

കോളടിച്ച് ഇന്ത്യൻ യുവനിര

ഇന്നലത്തെ ലേലത്തിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയത് ഇന്ത്യൻ യുവതാരങ്ങളായിരുന്നു. 8.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ സമീർ റിസ്‌വിയാണ് ഇക്കൂട്ടത്തിലെ ഏറ്റവും തിളക്കമേറിയ താരം. യു.പി ട്വന്റി-20 ലീഗിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയടക്കം 455 റൺസ് നേടിയ പ്രകടനമാണ് റിസ്‌വിയെ കോടിപതിയാക്കി മാറ്റിയത്. മൂന്ന് ഐ.പി.എൽ ടീമുകളിൽ റിസ്‌വി സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തിരുന്നു. ഇതോടെയാണ് ലേലത്തിൽ ഹോട്ട്ഫേവറിറ്റായി മാറിയത്. ഐ.പി.എല്ലിൽ നേരത്തേ മികവ് തെളിയിച്ച ഷാറൂഖ് ഖാനെ 7.4 കോടിക്കാണ് ഗുജറാത്ത് ടൈറ്റാൻസ് സ്വന്തമാക്കിയത്.

കുമാർ കുശാഗ്രയെ 7.2കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയപ്പോൾ ശിവം മാവി 6.4 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സിലും ശുഭം ദുബെ 5.8 കോടിക്ക് രാജസ്ഥാൻ റോയൽസിലുമെത്തി. യഷ് ദയാലിനെ അഞ്ചുകോടിക്ക് ആർ.സി.ബി സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റാൻസ് 2.2കോ‌ടിക്ക് സുശാന്ത് മിശ്രയെ വാങ്ങി.

മലയാളി താരങ്ങളായ കെ.എം ആസിഫിനെയും സന്ദീപ് വാര്യരേയും വാങ്ങാൻ ആരുമുണ്ടായില്ല.

62.05 കോടി

ഐ.പി.എൽ താരലേലത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, സ്പെൻസർ ജോൺസൺ, ട്രാവിസ് ഹെഡ് എന്നിവർ ചേർന്ന് നേടിയ തുക

മിച്ചൽ സ്റ്റാർക്ക്

24.75 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

പാറ്റ് കമ്മിൻസ്

20.50 കോടി

സൺറൈസേഴ്സ് ഹൈദരാബാദ്

സ്പെൻസർ ജോൺസൺ

10 കോടി

ഗുജറാത്ത് ടൈറ്റാൻസ്

ട്രാവിസ് ഹെഡ്

6.80 കോടി

സൺറൈസേഴ്സ് ഹൈദരാബാദ്