india-vs-sa

ക്വേബെര്‍ഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറില്‍ 211 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി ഓപ്പണര്‍ സായ് സുദര്‍ശന്‍ (62), ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാന്‍ഡ്രേ ബര്‍ഗര്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, കേശവ് മഹാരാജ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ എയ്ഡന്‍ മാര്‍ക്രം, ലിസാഡ് വില്യംസ് എന്നിവരാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

കെ.എല്‍ രാഹുല്‍, സായ് സുദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ ആര്‍ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. റുതുരാജ് ഗെയ്ക്‌വാദ് (4), തിലക് വര്‍മ്മ (10), സഞ്ജു സാംസണ്‍ (12), റിങ്കു സിംഗ് (17), അക്‌സര്‍ പട്ടേല്‍ (7) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന.

വാലറ്റത്ത് 17 പന്തില്‍ 18 റണ്‍സ് നേടിയ അര്‍ഷ്ദീപ് സിംഗ്, ഒമ്പത് റണ്‍സ് നേടിയ ആവേശ് ഖാന്‍ എന്നിവരുടെ പ്രകടനമാണ് ടീം സ്‌കോര്‍ 200 കടത്തിയത്. പരമ്പരയില്‍ 1-0ന് മുന്നിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.