
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
സായ് സുദർശനും (62), കെ.എൽ രാഹുലിനും (56) അർദ്ധസെഞ്ച്വറി
വീണ്ടും അവസരം തുലച്ച് സഞ്ജു സാംസൺ
ക്വബേഹ : ഇന്ത്യയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ എട്ടുവിക്കറ്റിന് തോറ്റിരുന്ന ദക്ഷിണാഫ്രിക്ക ഇന്നലെരണ്ടാം ഏകദിനത്തിൽ എട്ടു വിക്കറ്റിന് ജയിച്ച് മൂന്ന് മത്സരപരമ്പര 1-1ന് സമനിലയിലാക്കി. ഇതോടെ നാളെ നടക്കുന്ന അവസാനമത്സരം നിർണായകമായി.
ഇന്നലെ ക്വബേഹയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയദക്ഷിണാഫ്രിക്ക 42.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഓപ്പണർ സായ് സുദർശനും (62), കെ.എൽ രാഹുലും (56) മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ പിടിച്ചുനിന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സായ് അർദ്ധ സെഞ്ച്വറി നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാൻദ്രേ ബർഗറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്യൂറൻ ഹെൻഡ്രിക്സും കേശവ് മഹാരാജും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ലിസാഡ് വില്യംസും ക്യാപ്ടൻ എയ്ഡൻ മാർക്രമും ഓരോ വിക്കറ്റ് വീഴ്ത്തി. ചേസിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടോണി ഡി സോർസി സെഞ്ച്വറിയും (119*) , റീസ ഹെൻഡ്രിക്സ് (52) അർദ്ധസെഞ്ച്വറിയും നേടി.
സായ് ശരണം
ആദ്യ പന്തിൽ ബൗണ്ടറി പറത്തിയ ഓപ്പണർ റിതുരാജ് ഗെയ്ക്ക്വാദിനെ (4) രണ്ടാം പന്തിൽത്തന്നെ എൽ.ബിയിൽ കുരുക്കി മടക്കി അയച്ച ബർഗർ ഇന്ത്യയെ ഞെട്ടിച്ചുകളഞ്ഞു. ഇതോടെ ഇന്ത്യയുടെ ആവേശം തണുത്തു. ശ്രേയസ് അയ്യർക്ക് പകരം ഫസ്റ്റ് ഡൗണായി ഇറങ്ങിയ തിലക് വർമ്മ താളത്തിലെത്താൻ ബുദ്ധിമുട്ടിയപ്പോൾ കഴിഞ്ഞ കളിയിൽ അർദ്ധസെഞ്ച്വറി നേടിയിരുന്ന സായ് പതിയെ സ്കോർ ഉയർത്തി. ആദ്യ പത്തോവറിൽ 46 റൺസാണ് ഇന്ത്യ നേടിയത്. ഇതേ സ്കോറിൽതന്നെ 12-ാം ഓവറിന്റെ ആദ്യ പന്തിൽ തിലക് വർമ്മയെ ബർഗർ പുറത്താക്കി. ബ്യൂറൻ ഹെൻഡ്രിക്സാണ് ക്യാച്ചെടുത്തത്.
തുടർന്ന് നായകൻ കെ.എൽ രാഹുലും സായ്യും ക്രീസിൽ ഒരുമിച്ചു. 14-ാം ഓവറിൽ 50 കടന്ന ഇന്ത്യയെ ഇവർ 24-ാം ഓവറിൽ 100 കടത്തി. അതിന് മുമ്പ് സായ് അർദ്ധസെഞ്ച്വറിയിലെത്തിയിരുന്നു. ടീം സ്കോർ 114ലെത്തിയപ്പോഴാണ് സായ് പുറത്തായത്. 83 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്സുമടിച്ച സായ്യെ ലിസാഡ് വില്യംസിന്റെ പന്തിൽ കീപ്പർ ക്ളാസനാണ് പിടികൂടിയത്. 68 റൺസാണ് സായ്യും രാഹുലും ചേർന്ന് കൂട്ടിച്ചേർത്തത്.
നിരാശപ്പെടുത്തി സഞ്ജു
നാലാമനായി ക്രീസിലേക്ക് നടക്കുമ്പോൾ സഞ്ജുവിന് മുന്നിൽ 23 ഓവറിലേറെയുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങാൻ കഴിയാത്തതിന്റെ കുറവ് മികച്ച ഒരു ഇന്നിംഗ്സിലൂടെ മറികടക്കാൻ സഞ്ജുവിനുള്ള സുവർണാവസരമായിരുന്നു ഇത്. രാഹുലിന് സ്ട്രൈക്ക് കൈമാറി മികച്ച ഒരു കൂട്ടുകെട്ടുണ്ടാക്കാമായിരുന്നു. തുടക്കത്തിൽ മികച്ച ഷോട്ടുകൾ പായിച്ച സഞ്ജുവിന് പക്ഷേ നേരിട്ട 23 പന്തുകളിൽ 12 റൺസേ നേടാനായുള്ളൂ. 32-ാം ഓവറിൽ ഹെൻറിക്സിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു സഞ്ജു.
രാഹുൽ അർദ്ധസെഞ്ച്വറി തികച്ച് വൈകാതെ പുറത്തായതോടെ ഇന്ത്യയുടെ പതനവും തുടങ്ങി. 64 പന്തുകളിൽ ഏഴുഫോറടക്കം തന്റെ 18-ാമത്തെ ഏകദിന അർദ്ധസെഞ്ച്വറി നേടിയ രാഹുലിനെ ബർഗറാണ് മടക്കി അയച്ചത്. ഇതോടെ ഇന്ത്യ 167/5 എന്ന നിലയിലായി. തുടർന്ന് അരങ്ങേറ്റക്കാരൻ റിങ്കു സിംഗ്(17), അക്ഷർ പട്ടേൽ (7),കുൽദീപ് യാദവ് (1) എന്നിവർ പുറത്തായി. 18 റൺസടിച്ച അർഷ്ദീപാണ് 200 കടത്തിയത്.