
തിരുവനന്തപുരം: പാളയത്ത് സെനറ്റ് ഹൗസിന്റെ മുന്നിൽ പ്രധാന കവാടത്തിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനർ ഗവർണറെ അധിക്ഷേപിക്കുന്നതെന്ന് കേരള സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മൽ. ബാനർ അടിയന്തരമായി നീക്കണമെന്ന് രജിസ്‌ട്രാർക്ക് വി.സി നിർദ്ദേശം നൽകി. തിങ്കളാഴ്‌ചയാണ് ചാൻസലർ കൂടിയായ ഗവർണർക്കെതിരെ സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ബാനർ ഉയർന്നത്. ക്യാമ്പസിന് 200 മീറ്റർ ചുറ്റളവിൽ അധികൃതർക്ക് എതിരായ ബോർഡുകളോ അനൗദ്യോഗിക ബാനറുകളോ പാടില്ലെന്ന് ഹൈക്കോടതി വിലക്കിയ ഉത്തരവുണ്ട്. ഇത് സൂചിപ്പിച്ചാണ് വി.സി ഉത്തരവിട്ടത്.
എല്ലാ സർവകലാശാലകളുടെ മുന്നിലും ഗവർണർക്കെതിരെ ബാനർ സ്ഥാപിക്കാൻ എസ് എഫ് ഐ ആഹ്വാനം ചെയ്‌തിരുന്നു. തുടർന്നാണ് കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിലും ബാനർ ഉയർന്നത്. ഗവർണർ മടങ്ങിവരും വഴി ഇതിനുസമീപം ഇന്നലെ എസ് എഫ് ഐ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.ചൊലവ്വാഴ്‌ച തൃശൂർ ആരോഗ്യ സർവകലാശാലയിൽ നിന്ന് കേരള സർവകലാശാലയിൽ എത്തിയപ്പോഴാണ് വി.സിയുടെ ശ്രദ്ധയിൽ ബാനർ പെട്ടത്. ഇത് സർവകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കും എന്നതിനാലാണ് ഉടനടി നീക്കം ചെയ്യാൻ രജിസ്‌ട്രാർക്ക് നിർദദേശം നൽകിയിരിക്കുന്നത്.