
തിരുവനന്തപുരം:കെ.എസ്. ഇ.ബി ജീവനക്കാരുടെ ശമ്പളമോ, മറ്റ് ആനുകൂല്യങ്ങളോ സർക്കാരിന്റെ അനുമതിയില്ലാതെ വർദ്ധിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവ്. ഏത് ആനുകൂല്യവും പുതുതായി നൽകുന്നതിന് മുമ്പ് സർക്കാരിന്റെയും ധനവകുപ്പിന്റെയും മുൻകൂർ അനുമതി വാങ്ങണം.ഇതോടെ ക്ഷാമബത്ത കുടിശികയുൾപ്പടെയുളള ആനുകൂല്യങ്ങൾ കിട്ടാനുള്ള സാധ്യത മങ്ങി.
2022-23വർഷത്തിൽ 1023.62കോടിയാണ് കെ.എസ്.ഇ.ബി.യുടെ നഷ്ടം.ഇതിന്റെ 75% ആയ 767.71കോടിയുടെ ബാധ്യത സർക്കാർ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിലാണ് ആനുകൂല്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.വൈദ്യുതി മേഖല മെച്ചപ്പെടുത്താൻ നടപടിയെടുത്താൽ സംസ്ഥാനത്തിന് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.5% അധിക വായ്പയെടുക്കാനാകും.11ലക്ഷമാണ് ജി.എസ്.ഡി.പി.അതായത് 5500 കോടിരൂപ അധികവായ്പയെടുക്കാനാകും. ഇതിനുവഴിയൊരുക്കാനാണ് കെ.എസ്.ഇ.ബിക്ക് മൂക്കുകയറിട്ടത്.
ഒന്നരപതിറ്റാണ്ടായി കെ.എസ്.ഇ.ബി. നഷ്‌ടത്തിലാണ്. എന്നിട്ടും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ നിയന്ത്രണമില്ല. കഴിഞ്ഞ രണ്ടുതവണയും ശമ്പളം കുത്തനെ കൂട്ടിയതിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ല.