
ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്റെ പേര് നിര്‍ദേശിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിക്കും സഖ്യത്തിനും ഭരണത്തിലെത്താനുള്ള എംപിമാരുണ്ടാകുകയെന്നതാണ് ആദ്യത്തെ കാര്യം. അല്ലാതെ പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് എന്ത് കാര്യമെന്നാണ് അദ്ദേഹം ചോദിച്ചത്.
ആദ്യത്തെ ലക്ഷ്യം ജയം ആയിരിക്കണം, പ്രധാനമന്ത്രിയാരെന്നത് പിന്നീടുള്ള കാര്യമല്ലേ- ഖാര്‍ഗെ ചോദിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗേയുടെ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമതയുടെ നിര്‍ദേശത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചുവെന്നാണ് വിവരം. മുന്നണി യോഗത്തിലും ഇതേ അഭിപ്രായമാണ് ഖാര്‍ഗെ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി താങ്കള്‍ക്കാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ആദ്യം നമുക്ക് ജയിക്കുകയും ഭൂരിപക്ഷം നേടേണ്ടതുണ്ടെന്നാണ് ഖാര്‍ഗെ പറഞ്ഞത്.
മുന്നണിക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ എംപിമാര്‍ പ്രധാനമന്ത്രിയെ ജനാധിപത്യപരമായി തിരഞ്ഞെടുക്കട്ടേയെന്നും ഖാര്‍ഗെ മറുപടി നല്‍കി.