pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് സമാപനത്തിലേയ്ക്ക് കടക്കുകയാണ്. സദസ് ഇന്ന് തലസ്ഥാനത്ത് പ്രവേശിക്കും. അതേസമയം, പരിപാടി തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് നടത്തുകയാണ് കോൺഗ്രസ്.

നവകേരള സദസിന്റെ ആദ്യയോഗം വൈകിട്ട് ആറിന് വർക്കല മണ്ഡലത്തിലെ ശിവഗിരിമഠം ഓഡിറ്റോറിയത്തിലാണ്. ആറ്റിങ്ങൽ, ചിറയിൻകീഴ് വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളിലെ സദസ് നാളെ നടക്കും. 22ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ സദസ് നടക്കും. 23ന് നേമം, വട്ടിയൂർക്കാവ്, കോവളം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ യോഗങ്ങളോടെയാണ് സദസിന് സമാപനമാവുന്നത്.

നവകേരള സദസിനെതിരെ സമരമുഖം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസും യുഡിഎഫും. കോൺഗ്രസ് പ്രവർത്തകർ ഇന്ന് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തും. രാവിലെ 11ന് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേ‌ർ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. നവകേരള മാർച്ച് തലസ്ഥാനത്ത് സമാപിക്കുന്ന 23ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേയ്ക്ക് മാർച്ച് ചെയ്യും. എംപിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും മാർച്ചിൽ പങ്കെടുക്കുമെന്നാണ് വിവരം.