
ന്യൂഡൽഹി: കേരളത്തിന് പിന്നാലെ കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ- 1ഗോവയിലും മഹാരാഷ്‌ട്രയിലും കണ്ടെത്തി. ഗോവയിലെ ചലച്ചിത്ര മേളയ്ക്ക് ശേഷമുള്ള പരിശോധനയിൽ 18 പുതിയ കേസുകൾ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയിൽ രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ പരിശോധനയിലാണ് ജെ.എൻ-1 സ്ഥിരീകരിച്ചത്.
കേരളത്തിൽ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളോടും ജാഗരൂകരായിരിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്. ഇതിനെത്തുടർന്നാണ് ഗോവയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചത്.
നിലവിൽ മഹാരാഷ്ട്രയിൽ 24 ആക്ടീവ് കേസുകളാണുള്ളത്. ഇതിൽ ഒൻപത് എണ്ണം ഇന്നലെയാണ് കണ്ടെത്തിയത്. അയൽ സംസ്ഥാനമായ കർണാടകയിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. തുടർന്ന് കർണാടകയിൽ 60 വയസിന് മുകളിലുള്ളവർക്ക് മാസ്‌ക് നിർബന്ധമാക്കി.
കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുകയും പുതിയ വകഭേദം കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88 ശതമാനവും നിലവിൽ കേരളത്തിലാണ്. നിലവിൽ രാജ്യത്ത് 1970 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്.