
കൊല്ലം: കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്ന ചൊല്ലിന് ചരിത്രാതീത കാലത്തോളമുണ്ട് പഴക്കം. കൊല്ലത്തിന്റെ ചരിത്ര പാരമ്പര്യത്തെയും പെരുമയെയും വിശേഷിപ്പിക്കാനാകണം ഇങ്ങനെയൊരു ചൊല്ല് വന്നതെന്നാണ് പഴമക്കാർ പറയുന്നത്. കേരളത്തിന്റെ ഭൂപടത്തിലിപ്പോൾ കൊല്ലം വരച്ചിടുന്നത് കേൾക്കാൻ അത്ര സുഖമുള്ള സംഗതികളല്ല.
മദ്യവും മയക്കുമരുന്നും കൂട്ട ആത്മഹത്യകൾക്കും പിന്നാലെ സ്ത്രീധന മരണവും പീഡനവും കുട്ടിയെ തട്ടിക്കൊണ്ടു പോകലും കൊല്ലത്തിന്റെ പെരുമയ്ക്ക് കളങ്കം ചാർത്തുന്നു. രണ്ട് വർഷം മുമ്പാണ് നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ഒരു ഇംഗ്ളീഷ് വാരിക കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുത്തത്.
കൊല്ലപ്പെരുമകൾ
തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലമായിരുന്നു. കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈനായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് 1നാണ് കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്ത് കൊല്ലം ജില്ല രൂപീകൃതമായത്. ശബരിമലയും അന്ന് കൊല്ലം ജില്ലയിലായിരുന്നു. പിന്നീട് ഇതിന്റെ ഭാഗങ്ങൾ അടർത്തിമാറ്റിയാണ് ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ രൂപീകരിച്ചത്.
കൊല്ലത്തിന്റെ പേര് കളങ്കമാക്കിയ സംഭവങ്ങൾ
ഇതേ കൊല്ലത്തുകാരാണ് രണ്ട് വർഷം മുമ്പുള്ളൊരു ഓണക്കാലം ആഘോഷിക്കാൻ ഒറ്റ ദിവസം 1. 06കോടിയുടെ മദ്യം കുടിച്ച് സംസ്ഥാനത്തിന് 'മാതൃക'യായത്. അന്ന് ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 117 കോടിയുടെ മദ്യം വിറ്റഴിച്ചപ്പോൾ ഏറ്റവും കൂടുതൽ വില്പന നടന്നത് കൊല്ലം ആശ്രാമത്തെ ഔട്ട്ലറ്റിലൂടെയായിരുന്നു. 1.06കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം പെരുമയുടെ പേരിന് മങ്ങലേൽപ്പിച്ച മദ്യ ഉപഭോഗക്കണക്ക് വന്ന ദിവസം പുറത്തുവന്ന മറ്റൊരു കണക്ക് അതിലേറെ ആശങ്കപ്പെടുത്തിയതാണ്.
2021ലെ ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നതും കൊല്ലം നഗരത്തിൽ. ജനസംഖ്യയിൽ ഒരു ലക്ഷം പേരിൽ എത്ര ആത്മഹത്യ നടക്കുന്നുവെന്നതിനെ ആസ്പദമാക്കിയാണ് ആത്മഹത്യ നിരക്ക് കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കൊല്ലത്ത് 43.9 ശതമാനമാണ് ആത്മഹത്യ നിരക്ക്. 11.1 ലക്ഷമാണ് കൊല്ലം നഗര പ്രദേശത്തെ ജനസംഖ്യ. 2021ൽ 487 പേരാണ് കൊല്ലത്ത് ജീവനൊടുക്കിയത്. ആത്മഹത്യ നിരക്കിൽ കൊല്ലത്തിന് തൊട്ടു പിന്നിലുള്ളത് പശ്ചിമ ബംഗാളിലെ അസൻസോൾ നഗരമാണ്. അവിടെ 38.5 ശതമാനമാണ് ആത്മഹത്യ നിരക്ക്.
സ്ത്രീധന പീഡനം തുടർക്കഥ
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് കേരളത്തെ നടുക്കിയ നിരവധി ആത്മഹത്യകൾക്കാണ് കൊല്ലം അടുത്തകാലത്ത് സാക്ഷ്യം വഹിച്ചത്. ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലം നിലമേൽ സ്വദേശി വിസ്മയ (24) ജീവനൊടുക്കിയത് 2021 ഡിസംബറിലായിരുന്നു.
100 പവനും ഒന്നേകാൽ ഏക്കർ ഭൂമിയും 10 ലക്ഷം വിലവരുന്ന കാറും സ്ത്രീധനമായി വാങ്ങി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺകുമാർ (31) വിസ്മയയെ വിവാഹം കഴിച്ചശേഷം 10 ലക്ഷത്തിന്റെ കാർ പോര, അതിലും മുന്തിയ ആഡംബര കാർ വേണമെന്നാവശ്യപ്പെട്ട് വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഒടുവിൽ സഹികെട്ട് വിസ്മയ ജീവനൊടുക്കി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷയായി കിരണിന് പത്ത് വർഷത്തെ കഠിന തടവും 12.44 ലക്ഷം പിഴയും ശിക്ഷിച്ച് 2022 മേയിൽ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സർക്കാരും മാതൃകകാട്ടി.
നൽകിയ സ്ത്രീധനം കുറഞ്ഞു പോയെന്നതിന്റെ പേരിൽ ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്നതിനു പുറമെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുന്ന അത്യപൂർവ്വമായ ക്രൂരതയ്ക്കും കൊല്ലം സാക്ഷ്യം വഹിച്ചു. അഞ്ചൽ സ്വദേശിനി ഉത്രയെ വിവാഹം കഴിച്ച അടൂർ സ്വദേശി സൂരജിന് 100 പവനും മൂന്നരയേക്കറും കാറും 10 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നൽകിയത്. കൂടാതെ വീട്ടുചെലവിന് മാസം 8000 രൂപയും ഉത്രയുടെ വീട്ടുകാർ നൽകുമായിരുന്നു. അത്യാർത്തി പൂണ്ട സൂരജ് ഉത്രയുടെ പേരിലുള്ള മുഴുവൻ സ്വത്തുക്കളും തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി ആസൂത്രിതമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയത്.
കൊല്ലത്ത് ഓയൂരിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ മാതാവായ തുഷാരയെ ഭർത്താവും മാതാവും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത് സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ രണ്ട് ലക്ഷം നൽകാത്തതിന്റെ പേരിലാണ്. മരിയ്ക്കുമ്പോൾ എല്ലും തോലുമായി മാറിയിരുന്ന തുഷാരയുടെ ഭാരം 20 കിലോഗ്രാമായിരുന്നു. പഞ്ചസാര കലക്കിയ വെള്ളം മാത്രമായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി മെഡിക്കൽ പി.ജി വിദ്യാർത്ഥിനി ഷഹന ഈമാസം 4ന് ജീവനൊടുക്കിയപ്പോൾ ഇതിന് കാരണക്കാരനായതും കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ റുവൈസാണ്. ആശുപത്രി ഒ.പി ടിക്കറ്റിന് പിന്നിൽ മരണക്കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കിയ ഷഹന കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന സ്ത്രീകളുടെ നിരയിലെ അവസാന കണ്ണിയാണ്. കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറായി, ബിരുദാനന്തര ബിരുദവും കരസ്ഥമാകാനിരിക്കെ ഷഹന എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നായിരുന്നു കേരളം ഒന്നാകെ ചോദിച്ചത്.
സ്നേഹത്തിനപ്പുറം ധനാർത്തിയാണ് റുവൈസിനെന്നും അതിനെക്കാൾ ആർത്തിപൂണ്ട അയാളുടെ മാതാപിതാക്കൾ വിവാഹം നിശ്ചയിച്ച ശേഷം സ്ത്രീധനമായി ഒന്നരക്കോടിയും 150 പവനും ഒരേക്കർ ഭൂമിയും ബി.എം.ഡബ്ളിയു കാറും സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു. വിവാഹം മുടങ്ങിയാൽ പിന്നെയും റുവൈസിനെ ക്ളാസ് മുറിയിൽ കാണേണ്ടി വരുമല്ലോ എന്ന ചിന്തയിലാകാം ഷഹന ജീവനൊടുക്കിയത്. റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ കേസിൽ രണ്ടാം പ്രതിയാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ ഇയാൾക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി.
കുട്ടിയെ തട്ടിയെടുത്ത മൂന്നംഗ കുടുംബം
സമൂഹത്തിൽ മാന്യതയുടെ പരിവേഷത്തിൽ ജീവിക്കുന്നുവെന്ന് കരുതിയ ഒരു കുടുംബത്തിലെ മൂന്ന് പേർ ചേർന്ന് കൊല്ലത്ത് ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം നടന്നത് നവംബർ 27ന്. സംസ്ഥാനത്താകെ ജനശ്രദ്ധയാകർഷിച്ച ഈ അപൂർവ്വ സംഭവം കൊല്ലം ഉയർത്തിപ്പിടിച്ച ചരിത്രപെരുമയ്ക്ക് കളങ്കമേൽപ്പിക്കുന്ന മറ്റൊരു സംഭവമായിരുന്നു.
ഈ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിരാജിൽ കെ.ആർ പദ്മകുമാർ, ഭാര്യ എം.ആർ അനിതകുമാരി, മകൾ അനുപമ എന്നിവർ ഇപ്പോൾ റിമാന്റിലാണ്.
വൃദ്ധയായ ഭർതൃമാതാവിനെ ക്രൂരമായി മർദ്ദിച്ചതിന് ജയിലിലായ അദ്ധ്യാപികയും ഇപ്പോൾ കൊല്ലത്തിന്റെ മാനം കെടുത്തുകയാണ്. മദ്യത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടിക്കുന്ന കണക്കുകൾ ഉയർത്തുന്ന ആശങ്കയിൽ ഉഴലുമ്പോഴും സ്ത്രീധനപീഡന കേസുകളും കുട്ടിയെ തട്ടിക്കൊണ്ടുപോകലും തീർത്ത മാനക്കേടിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്ന ചിന്തയിലാണിപ്പോൾ കൊല്ലം നിവാസികൾ.