
വാഷിംഗ്ടൺ: അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രീംകോടതിയുടേതാണ് വിധി. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിൽ നടന്ന സംഘർഷത്തിൽ ട്രംപിന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഇതോടെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാക്കുന്ന ആദ്യ പ്രസിൻഷ്യൽ സ്ഥാനാർത്ഥിയായി അദ്ദേഹം മാറി.
2020ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത് മുൻപ് ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു.ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് 'സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിളിറ്റി ആന്റ് എത്തിക്‌സ്'ന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്.
ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡൊണാൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ പ്രതികരിച്ചു. എന്നാൽ 14-ാം ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരം ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു. പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്‌റ്റേ ചെയ്തിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചുവരെയാണ്.
അതേസമയം, സുപ്രീംകോടതിയുടെ വിധി ജനാധിപത്യവിരുദ്ധമാണെന്നും പിഴവുണ്ടെന്നും ട്രംപ് ക്യാംപെയ്ൻ വക്താവ് പ്രതികരിച്ചു.വിധിക്കെതിരെ യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും സ്‌റ്റേ ചെയ്യുന്നതിനുളള നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.