
തിരുവനന്തപുരം: വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് മണ്ണിൽ കുഴികുത്തി ഇലവച്ച് പഴങ്കഞ്ഞി വിളമ്പിയെന്ന അനുഭവം പങ്കുവച്ച നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ജോലിക്കാർക്ക് പണ്ട് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതി വളരെ സാധാരണമെന്ന നിലയിലാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുകൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ‌്ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരമാർശം നടത്തിയത്.
'ഞാൻ എറണാകുളത്ത് താമസിച്ചിരുന്ന സമയത്ത് അവിടെ പറമ്പ് വൃത്തിയാക്കാൻ പണിക്കാർ വരുമായിരുന്നു. അവർക്ക് 11മണിയാകുമ്പോൾ പണിചെയ്ത പറമ്പിൽ തന്നെ കുഴിയെടുത്ത് അതിൽ ഇലയിട്ട് പഴങ്കഞ്ഞി ഒഴിച്ച് കൊടുത്തിരുന്നു. അവർ പ്ലാവില ഉപയോഗിച്ച് അത് കുടിച്ചിരുന്നത് ഞാൻ കൊതിയോടെ നോക്കിനിൽക്കുമായിരുന്നു' - കൃഷ്ണകുമാർ പറഞ്ഞു.
പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാർ ഇക്കാര്യം പറഞ്ഞത്. അഞ്ച് മാസം മുൻപ് പങ്കുവച്ച് വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പണ്ട് നിലനിന്നിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ സാധാരണമെന്ന നിലയിൽ അവതരിപ്പിച്ചത്.