
''സ്നേഹത്തിന്റെയും, പ്രത്യാശയുടെയും, സന്തോഷത്തിന്റെയും സന്ദേശങ്ങളോടെ, ലോക നന്മക്കായി, ദൈവപുത്രൻ ഭൂമിയിൽ തിരുപ്പിറവിയെടുത്ത പുണ്യനാളിന്റെ ദീപ്തസ്മരണകൾ ഓരോ മനസ്സിലും ഉണർത്തി, വീണ്ടുമൊരു ക്രിസ്മസ് കൂടി നമ്മുടെ ജീവിതത്തിൽ കടന്നുവന്നിരിക്കുകയാണല്ലോ!""സദസ്യരെയെല്ലാവരേയും ചെറുപുഞ്ചിരിയോടെ വാത്സല്യപൂർവ്വം നോക്കിക്കൊണ്ടാണ് പ്രഭാഷകൻ ഇപ്രകാരം പറഞ്ഞത്. ''നമ്മുടെ ജീവിതത്തിൽ, ഓണവും, ക്രിസ്മസും, പെരുന്നാളുമൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നത് നന്മയുടെയും, ഒരുമയുടെയും, ഒരിക്കലും ഒളിമങ്ങാത്ത മനുഷ്യസ്നേഹത്തിന്റെയും മഹത്തായ മൂല്യങ്ങളെപ്പറ്റിയാണല്ലോ!.
എന്നാൽ, എന്റെ മനസ്സിൽ, എല്ലാ ക്രിസ്മസ് ആഘോഷവേളകളിലും, ഓടി വരുന്നത് മനുഷ്യർക്കാർക്കും തന്നെ ആഘോഷിക്കാൻ കഴിയാതെ നഷ്ടപ്പെട്ട് പോയൊരു ക്രിസ്മസിന്റെ ഓർമ്മകളാണ്! "" പ്രഭാഷകൻ അല്പം ഗൗരവത്തിൽ ഇപ്രകാരം പറഞ്ഞു കൊണ്ട് സദസ്യരെ നോക്കിയപ്പോൾ, ഓരോ മുഖത്തും അദ്ദേഹം പറഞ്ഞതിന്റെ പൊരുളറിയാൻ കഴിയാത്തതിന്റെ അന്ധാളിപ്പായിരുന്നു! അതുമനസ്സിലാക്കിയ പ്രഭാഷകൻ ഒരു ചെറുപുഞ്ചിരിയോടെ ഇപ്രകാരം തുടർന്നു:
''ഞാനിവിടെ സൂചിപ്പിച്ചത്, കൊവിഡിന്റെ അതിശക്തമായ വ്യാപനംമൂലം ശരിയായ രീതിയിൽ നമുക്കാഘോഷിക്കാൻ കഴിയാതെ പോയ ക്രിസ്മസ് ആഘോഷങ്ങളെപ്പറ്റിയായിരുന്നില്ല.
എന്നാൽ, ഞാൻ നിങ്ങളുടെ ശ്രദ്ധക്ഷണിച്ച ക്രിസ്മസ് പുലരി, നമ്മുടെ പുണ്യഭൂമിയിൽ രാജാധിരാജൻ പിറന്ന ആദ്യ ക്രിസ്മസ് പൊൻപുലരിയെപ്പറ്റിയായിരുന്നു! കൃത്യമായി പറഞ്ഞാൽ, അതു സംഭവിച്ചിട്ടിപ്പോൾ രണ്ടായിരത്തി ഇരുപത്തിനാല് കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു. അതെ, നമ്മളിന്നോളം ആഘോഷിച്ച എല്ലാ ക്രിസ്മമസ് ദിനങ്ങളടെയും ആഘോഷങ്ങൾക്ക് യഥാർത്ഥ കാരണമായ ആദ്യ ക്രിസ്മമസ് പുണ്യദിനം ആഘോഷിക്കാനുള്ള മഹാസൗഭാഗ്യം പലരേയും തേടിയെത്തിയിട്ടും, അവരെ തൊട്ടുവിളിച്ചു പറഞ്ഞിട്ടും, തോണ്ടി വിളിച്ചുകാട്ടിയിട്ടും, എന്തിനേറെ, അവരോട് കേണപേക്ഷിച്ചിട്ടും, തിരിച്ചറിവില്ലാത്തവർക്ക്, അതറിയാൻ കഴിയാതെ പോയി. അത്തരമൊരു മഹത്തായക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ലല്ലോയെന്നത്, നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും, വില നിശ്ചയിക്കാൻ കഴിയാത്തൊരു നഷ്ടമായി തന്നെ തുടരുകയാണ്!.
ചരിത്രത്തിലാദ്യമായി നടത്തിയ കാനേഷുമാരിക്ക് കൃത്യമായ കണക്കുകൊടുക്കാൻ സ്വന്തം ദേശത്തിലേക്കു മടങ്ങണമെന്ന രാജകല്പന അനുസരിച്ചാണ് പൂർണ ഗർഭിണിയായിരുന്ന അമ്മ, പരിശുദ്ധ കന്യാമറിയവുമൊത്ത്, ജോസഫ് എന്ന സ്നേഹനിധിയായ ഭർത്താവ്, ഡിസംബറിലെ കൊടും തണുപ്പിനെപ്പോലും വകവെക്കാതെ ബത്ലഹേമെന്ന വിശുദ്ധ നഗരത്തിലെത്തിയത്. മദ്ധ്യാഹ്നം കഴിയുന്നതിനു മുൻപു തന്നെ, കൊടും ശൈത്യത്തിന്റെ പിടിയിൽപ്പെടുന്നിടത്ത്, അന്നത്തെ ഭീകരരാത്രിയിൽ ഒന്നു തലചായ്ക്കാനായി അനുവാദം ചോദിച്ചു കൊണ്ട് പലവാതിലുകളും അവർ മുട്ടി നോക്കി. ഒരിടത്തും രക്ഷകിട്ടിയില്ല. അവിടത്തെ സത്രം സൂക്ഷിപ്പുകാരന്റെ കനിവിനായിപോലും അവർ കേണപേക്ഷിച്ചു നോക്കി. സത്രത്തിന്റെ തിണ്ണയിൽ പോലും ഒന്നു തല ചായ്ക്കാൻ അയാൾ അവരെ അനുവദിച്ചില്ല.
ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ പോലും സ്ഥലം പിടിക്കാതെ പോയ അയാൾ, അന്ന് ആ സത്രത്തിന്റെ തിണ്ണയിലെങ്കിലും ഒരു ചാക്കു വിരിവെക്കാനൊരിടം അവർക്കുകൊടുത്തിരുന്നെങ്കിൽ, അവിടെ തിരുപിറവി സംഭവിച്ചിരുന്നെങ്കിൽ, ഇന്ന് ആ സത്രം സൂക്ഷിപ്പുകാരന്റെ ചില്ലിട്ട സ്വർണ്ണവർണ്ണ ചിത്രം, യേശുദേവന്റെ ചിത്രത്തിനു തൊട്ടുതാഴെയിരിക്കുമായിരുന്നു!. ഇപ്രകാരം, മനുഷ്യർക്കാർക്കും വിവേകമുദിച്ചില്ലെങ്കിലും, നമ്മുടെ മിണ്ടാപ്രാണികൾക്ക്, ഭൂമിയിൽ സംഭവിക്കാൻ പോകുന്ന ദൈവ പുത്രന്റെ ജനനവിവരം ഗ്രഹിക്കാൻ കഴിഞ്ഞിരുന്നു!.
അതിനാൽ, അവ തങ്ങളുടെ വാസഗൃഹമായ തൊഴുത്ത്, ഉണ്ണിയേശുവിന്റെ പിറവിക്കായി നൽകിക്കൊണ്ട്, മനുഷ്യർക്കില്ലാതെ പോയ വിവേകം തങ്ങൾക്കുണ്ടെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തി അനശ്വരതയിലിടം നേടി!. ദിവ്യനക്ഷത്രത്തിന്റെ ഉദയം കണ്ടെത്തിയ ഇടയന്മാരും, ലോകരാജന്റെ ജനനമറിഞ്ഞെത്തിയ മാലാഖമാരും, ലോകമുള്ളിടത്തോളം കാലം സ്വർണലിപിയിൽ നിലനിൽക്കുന്ന വലിയൊരു നന്മയുടെ സാക്ഷികളായി!. ഇപ്രകാരം, വിവേകമില്ലാത്തതുമൂലം, വിളിച്ചറിയിച്ചിട്ടും, മനുഷ്യർക്കാഘോഷിക്കാൻ കഴിയാതെ പോയ ആദ്യ ക്രിസ്മസ്സിന്റെ ആഘോഷവിവരമാണ് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അന്നത്തെ സത്രം സൂക്ഷിപ്പുകാരനും കൂട്ടാളികളും, ഇന്നും നമ്മിൽ വസിക്കുന്നുണ്ട് എന്നതിരിച്ചറിവോടെ, അന്നത്തെ മിണ്ടാപ്രാണികളുടെ നന്മയുൾക്കൊണ്ടുകൊണ്ട് നമുക്ക് ക്രിസ്മസ് ആഘോഷിക്കാമെന്നാണ് ഞാൻ, നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് "" ഇപ്രകാരം പ്രഭാഷകൻ പറഞ്ഞു നിറുത്തിയപ്പോൾ, നന്മയുടെ പുതിയൊരുൾകാഴ്ച്ചയോടെ ക്രിസ്മസ്സിനെ വരവേൽക്കാനുള്ള ചിന്തയിലായിരുന്നു സദസ്യരിൽ മിക്കവരും.