
വിതുര: മലയോരമേഖലകളിൽ പാണ്ടിക്കാറ്റ് നാശംവിതയ്ക്കുന്നു. പാണ്ടിക്കാറ്റ് നാശംവിതയ്ക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. വിതുര പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പാണ്ടിക്കാറ്റ് വിതച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അറിയിച്ചു. പാണ്ടിക്കാറ്റിന്റെ താണ്ഡവം മൂലം ആദിവാസി ഊരുകളും ഭീതിയിലാണ്. വിതുര, പൊന്മുടി, തൊളിക്കോട്, മരുതാമല, ജഴ്സിഫാം, കല്ലാർ, അടിപറമ്പ്, ബോണക്കാട്, ചാത്തൻകോട്, ചെമ്മാംകാല, മൊട്ടമൂട്, പൊടിയക്കാല, പേപ്പാറ, കുട്ടപ്പാറ, തേവിയോട്, മൂന്നാംനമ്പർ, ആനപ്പാറ മേഖലകളിലാണ് പാണ്ടിക്കാറ്റ് ശക്തമായി വീശുന്നത്. തൊളിക്കോട് പഞ്ചായത്തിലും കാറ്റ് ശക്തമായി വീശുന്നുണ്ട്. കനത്ത കാറ്റിൽ ആദിവാസി മേഖലകളിൽ അനവധി വീടുകൾക്ക് കേടുപാടുണ്ടായി. സാധാരണ ഒരാഴ്ചയാണ് കാറ്റ് ശക്തമായി വീശാറുള്ളത്. ചില സമയങ്ങളിൽ കാറ്റിനൊപ്പം മഴയും ഉണ്ടാകാറുണ്ട്. ഇക്കുറി കാറ്റ് മുൻവർഷങ്ങളെ അപേക്ഷിച്ച് അതിശക്തമാണ്. അടുത്തയാഴ്ചയോടെ കാറ്റ് നിലച്ചേക്കുമെന്നാണ് കരുതുന്നത്.
പാണ്ടിക്കാറ്റിനെ തുടർന്ന് വിതുര പഞ്ചായത്തിൽ വൈദ്യുതിവിതരണം തടസപ്പെടുന്നത് പതിവാണ്. കാറ്റത്ത് മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വൈദ്യുതിലൈനുകൾക്ക് മീതെ പതിക്കുകയും ലൈൻ പൊട്ടിവീഴുകയും ചെയ്യുന്നു. മാത്രമല്ല മരങ്ങൾ വീണ് അനവധി മേഖലകളിൽ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. വനമേഖലകളിലാണ് കൂടുതൽലൈനുകളും തകരുന്നത്.കഴിഞ്ഞദിവസംമരംവീണ് ലൈൻ തകർന്നതുമൂലംബോണക്കാട് മേഖലയിൽ ഒരുദിവസം മുഴുവൻ വൈദ്യുതിവിതരണംനിലച്ചിരുന്നു. കല്ലാറിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കല്ലാറിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
കഴിഞ്ഞ ദിവസം പെയ്തശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ പൊൻമുടി കല്ലാർ റൂട്ടിൽകല്ലാർ രണ്ടാംപാലത്തിനു സമീപം നിന്ന മരം കടപുഴകി ഗതാഗതം തടസപ്പെടുകയും വൈദ്യുതി ലൈൻ തകരുകയും ചെയ്തു. ഫയർഫോഴ്സും ഇലക്ട്രിക്സിറ്റി ജീവനക്കാരും എത്തി മരംമുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കാറ്റത്ത് വിതുര പഞ്ചായത്തിലെ എട്ടിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് വൈദ്യുതിലൈൻ തകർന്നു.
അറിയിപ്പ്
ശക്തമായ പാണ്ടിക്കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുണ്ടാകുന്നതിനാലാണ് വിതുര മേഖലയിൽ വൈദ്യുതിവിതരണം തടസ്സപ്പെടുന്നത്. ലൈൻ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം അടിയന്തരമായി വൈദ്യുതി ഓഫീസിൽ അറിയിക്കണമെന്ന് വിതുര ഇലക്ട്രിക് സിറ്റി അസി. എൻജിനിയർ അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നെത്തുന്ന കാറ്റ്
തമിഴ്നാട്ടിൽ നിന്ന് പാണ്ടിപ്പത്ത്,ബോണക്കാട് വഴിയാണ് പാണ്ടിക്കാറ്റ് ഇവിടേക്ക് എത്തുന്നത്.തമിഴ്നാട്ടിൽനിന്ന് എത്തുന്നതിനാലാണ് ഈ കാറ്റിനെ പാണ്ടിക്കാറ്റ് എന്ന് അറിയപ്പെടുന്നത്.എല്ലാവർഷവും ഡിസംബർ,ജനുവരി മാസങ്ങളിൽ ശക്തമായ കാറ്റ് വീശുന്നത് പതിവാണ്. പാണ്ടിക്കാറ്റ് എല്ലാവർഷവുംഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത് വിതുര പഞ്ചായത്തിലാണ്.
കഴിഞ്ഞദിവസങ്ങളിൽ വീശിയടിച്ച കനത്ത കാറ്റിൽ നൂറുകണക്കിന് റബർമരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. വീടുകളുടെ മേൽക്കൂരകളും കാറ്റത്ത് പറന്നുപോയി. വനമേഖലകളിലും അനവധി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. വ്യാപക കൃഷി നാശവുമുണ്ടായി. വനത്തിൽ ശക്തമായ കാറ്റു വീശിയതിനെത്തുടർന്ന് കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങി ഭീതി പരത്തിയ സംഭവവും ഉണ്ടായി.