
പുതുവർഷത്തിൽ രാസ്തയുമായി എത്തുന്ന ആരാധ്യ തമിഴ് അരങ്ങേറ്റത്തിൽ
മോഡലിംഗ് രംഗത്ത് ചുവടുറപ്പിക്കുമ്പോൾ സിനിമ ഒരു വിദൂര സ്വപ്നമായി കണ്ട പെൺകുട്ടിയുടെ പേര് ആരാധ്യ ആൻ.ഒരു ദിവസം സിനിമ വിളിച്ചു. ഒരു പഴയ ബോംബ് കഥ വെള്ളിത്തിരയിലേക്ക് വാതിൽ തുറന്നു കൊടുത്തു. പിന്നെ നായികയായി അഭിനയിക്കാൻ ടി സുനാമി എത്തി. കാക്കിപ്പട, ഭാരത സർക്കസ്, സ്പ്രിംഗ്, ഫീനിക്സ്, താൾ സിനിമകൾ ഒന്നിനു പിറകെ ഒന്നായി നീളുന്നു. പുതുവർഷത്തിൽ ആദ്യ റിലീസായി ജനുവരി 5ന് രാസ്ത എത്തുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധ്യ. ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത് മമ്മൂട്ടി സിനിമയിൽ. അതിന്റെ വിശേഷങ്ങൾ തത്കാലം സസ് പെൻസ് . തമിഴ് അരങ്ങേറ്റം നടത്തി ആരാധ്യ അതിർത്തി കടന്നതാണ് മറ്റൊരു വിശേഷം.
മരുഭൂമിയാണ്
മരുഭൂമി
അമ്മ - മകൾ ബന്ധമാണ് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമായ രാസ്തയുടേത്. നല്ല കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ, ഞാൻ, അനീഷ് അൻവർ ഞങ്ങൾ എല്ലാവരും മരുഭൂമിയിൽ പെട്ടുപോവുന്നു. പുറത്തുകടക്കാനാവാത്ത അവസ്ഥ .ചൂടെല്ലാം സഹിച്ച് കൊണ്ടാണ് എല്ലാവരും അഭിനയിച്ചത്. വിദേശ രാജ്യങ്ങളിൽ പോവാത്ത എനിക്ക് രാസ്തയുടെ ഷൂട്ട് തീർത്തും പുതുമ സമ്മാനിച്ചു. ഷൂട്ടിന് മസ്കറ്റിലും അവിടത്തെ മരുഭൂമിയിലും പോയതെല്ലാം പുതിയ അനുഭവമായിരുന്നു. മരുഭൂമിയിലെ അവസ്ഥ അന്നാണ് മനസിലാവുന്നത്. രാസ്ത പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ.എന്റെ പുതുവർഷ പ്രതീക്ഷ കൂടിയാണ്. തമിഴ് സിനിമയുടെ വിശേഷങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല.
നല്ല
വേഷങ്ങൾ
നായിക വേഷം വേണം എന്ന നിർബന്ധമില്ല. ഞാൻ എന്ന അഭിനേത്രിയെ പ്രേക്ഷകർ ഒാർമിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. പ്രേക്ഷകർക്ക് മടുപ്പ് തോന്നാത്ത വിധം അഭിനയിക്കാൻ കഴിയണം. കഥാപാത്രത്തിലേക്ക് എത്തുക എന്നത് നിസാര കാര്യമല്ല. താൾ സിനിമയിലെ വിശ്വ എന്ന കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല. അഭിനയസാദ്ധ്യത നിറഞ്ഞ കഥാപാത്രം. രാസ്തയിലെ കഥാപാത്രവും ശക്തമാണ്. മോഡലിംഗ് ചെയ്യുമ്പോൾ എന്താണ് സിനിമയെന്നും എങ്ങനെയാണ്അഭിനയമെന്നും അറിയില്ലായിരുന്നു. ഡയലോഗുകൾ പ്രസന്റ് ചെയ്യാൻ പറ്റുമോ എന്ന ആശങ്കയോടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പരസ്യ ചിത്രം ചെയ്തതോടെയാണ് ചെറിയ ആത്മവിശ്വാസം ഉണ്ടാവുന്നത്. പരസ്യ ചിത്രങ്ങളിൽ നിന്നാണ് സിനിമയിലേക്ക് വന്നതെന്ന് പറയാം . അഭിനയം കൂടുതൽ അറിയണമെന്ന് തോന്നി. ആക്ട് ലാബിൽ അഭിനയം പഠിച്ചത് ഗുണം ചെയ്തിട്ടുണ്ട്. ഏറെ ഇഷ്ടം തോന്നിയാണ് ഒാരോ സിനിമയും ചെയ്യുന്നത്.സിനിമയിൽ ഞാൻ ആരുമായിട്ടില്ല. ഇനിയും ചെയ്യാനുണ്ട്. ഇവിടെ തന്നെ തുടരാനാണ് ആഗ്രഹം.