
'വർഷങ്ങൾക്ക് ശേഷം ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ആത്മാർത്ഥതയുള്ള ഒരു സംഘം സിനിമാപ്രവർത്തകർ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു. ധ്യാൻ ശ്രീനിവാസന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് പാക്കപ്പ് പറഞ്ഞതെന്നും പോസ്റ്റിലുണ്ട്.
സൂപ്പർ ഹിറ്റായി മാറിയ 'ഹൃദയ'ത്തിന് ശേഷം കല്യാണിയെയും പ്രണവിനെയും നായികാനായകന്മാരാക്കി ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്.