yuvamorcha-dyfi

കൊല്ലം: യൂത്ത് കോൺഗ്രസുകാർക്ക് പിന്നാലെ കൊല്ലത്ത് യുവമോർച്ച പ്രവർത്തകരും കരിങ്കൊടി പ്രതിഷേധം തടയാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി കുണ്ടറയിലെ നവകേരള സദസ് കഴിഞ്ഞ് കൊല്ലത്തെ സദസിൽ പങ്കെടുക്കാൻ വരുമ്പോൾ കൊല്ലം രണ്ടാം കുറ്റിയിൽ രാത്രി ഏഴോടെയായിരുന്നു സംഭവം.

യുവമോർച്ചക്കാരുമായി ഉണ്ടായ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. എസ്.വി ടാക്കീസിന് മുന്നിൽ അമ്പതോളം വരുന്ന യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള സദസിന് നേരെ കരിങ്കൊടി കാട്ടി. വാഹന വ്യൂഹത്തിന് പിന്നാലെ ബൈക്കിലെത്തിയ ഡി.വൈ.എഫ് പ്രവർത്തകർ സ്ഥലത്തിറങ്ങി യുവമോ‌ർച്ചക്കാരെ ആക്രമിക്കുകയായിരുന്നു. യുവമോർച്ച പ്രവർത്തകർ വടികൾ ഉപയോഗിച്ച് തിരിച്ച് ആക്രമിച്ചു. സംഘർഷം ഇരുപത് മിനിറ്റോളം നീണ്ടു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

സാധാരണ വിരലിലെണ്ണാവുന്നവരാണ് കരിങ്കൊടി പ്രതിഷേധം നടത്തുന്നത്. എന്നാൽ സ്ഥലത്ത് കൂടുതൽ യുവമോർച്ച പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ ഡി.വൈ.എഫ്.ഐയുടെ രക്ഷാപ്രവർത്തനം പാളുകയായിരുന്നു. പത്തോളം യുവമോർച്ച പ്രവർത്തകരെ വെസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി. എസ്.വി ടാക്കീസിന് സമീപം പത്തോളം മഹിളാമോർച്ച പ്രവർത്തകരും കടപ്പാക്കടയിൽ ബി.ജെ.പി പ്രവർത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.