
കാൻബെറ: വളർത്തുനായയെ കെട്ടിടത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിക്ക് ഒരു വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. പെർത്ത് സ്വദേശിനിയായ ആമി ലിയ ജഡ്ജ് എന്ന 26 കാരിക്കെതിരെയാണ് മിഡ്ലാൻഡ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്. പത്ത് വയസുളള മാൾട്ടീസ് ഷിഹ് സൂ മിക്സ് ഇനത്തിൽപ്പെട്ട 'പ്രിൻസസ് 'എന്ന നായയോടാണ് യുവതി ക്രൂരത കാണിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു സംഭവം.
യുവതി ചെയ്തത് ക്രൂരവും നീചവുമായ പ്രവൃത്തിയാണെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.ആമി മനഃപൂർവ്വമാണ് നായയെ വലിച്ചെറിഞ്ഞതെന്ന് കോടതി പ്രതികരിച്ചു. സംഭവത്തിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വളർത്തുനായയെ ഉപദ്രവിച്ചതിന് പത്ത് മാസം കഠിന തടവും പൊലീസിൽ കളളമൊഴി നൽകിയതിൽ രണ്ട് മാസം കൂടുതൽ തടവിനും കോടതി വിധിച്ചു.
സംഭവം പുറത്തുവന്നതോടെ യുവതി സോഷ്യൽമീഡിയയിലൂടെ കുറ്റം ഏറ്റുപറഞ്ഞിരുന്നു. 'കുറ്റബോധം കാരണം തനിക്ക് ജീവിക്കാൻ കഴിയുന്നില്ല.കെട്ടിടത്തിനുമുകളിൽ നിന്നും താനാണ് നായയെ വലിച്ചെറിഞ്ഞത്'-ആമി പറഞ്ഞു.രണ്ട് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ആമി നായയെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ഇടപെടുകയായിരുന്നു. തുടർന്ന് ആമിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ നായയെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.