congress

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ച ബഹുജന മാർച്ചിൽ പലയിടത്തും സംഘർഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്നതിനെതിരെയാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

വിവിധ സ്റ്റേഷനുകൾക്ക് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. കൊച്ചിയിൽ പ്രവർത്തകർ കയർ ഉപയോഗിച്ച് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിന് പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് കമ്മീഷ്‌ണർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

congress

കണ്ണൂർ വളപട്ടണം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുവച്ച് മാർച്ച് പൊലീസ് തടഞ്ഞെങ്കിലും ലാത്തി പിടിച്ചുവാങ്ങാൻ ഡി സി സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. വനിതകളടക്കം നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ട്.

കോഴിക്കോട് മൂക്കത്ത് റോഡിൽ പൊലീസ് കെട്ടിയ കയർ ചാടിക്കടന്ന് സ്റ്റേഷനിലേയ്ക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചതിന് പിന്നാലെ അവിടെയും സംഘർഷമുണ്ടായി. പ്രവർത്തകരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചതേടെ ഉന്തും തള്ളും ഉണ്ടായി.