
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങൾ സംഘർഷത്തിൽ കീറി. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി.

കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ ചില്ലും ഷീൽഡുകളും പ്രവർത്തകർ വടി കൊണ്ട് അടിച്ചുതകർത്തു. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ ചെരിപ്പും കല്ലും എറിഞ്ഞു. പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൂട്ടിയിട്ടെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. അതിനിടെ പ്രവർത്തകരെ കടകളിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. സ്ഥലത്ത് വലിയ സംഘർഷ അവസ്ഥയാണ് ഉണ്ടായത്.

ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരസ്ഥലത്ത് തിരിച്ചെത്തി. തുടർന്നാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. വനിതാ പ്രവർത്തകരെ പൊലീസ് തടഞ്ഞുവച്ചതായും വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ പ്രവർത്തകരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.