
നമുക്ക് പ്രിയപ്പെട്ട പല ഭക്ഷണങ്ങളിലും ആവശ്യത്തിന് പോഷകഗുണങ്ങൾ ഉണ്ടാവണമെന്നില്ല. പോഷകഗുണങ്ങളുളള ഭക്ഷണത്തിന് ആവശ്യത്തിന് രുചിയും കാണണമെന്നില്ല. എന്നാൽ രണ്ടും ഒരുമിച്ച് കിട്ടിയാലോ?ഏറെ പോഷകഗുണങ്ങളടങ്ങിയ റാഗി ഉപയോഗിച്ച് രുചിയൂറുന്ന ഒരു സൂപ്പ് തയ്യാറാക്കാം.
ശരീരത്തിനാവശ്യമായ കാത്സ്യം, വൈറ്റമിൻ ഡി, അമിനോ ആസിഡ് തുടങ്ങിയവ റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസേന നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അമിതവണ്ണവും കുടവയറും വെറും ഏഴ് ദിവസം കൊണ്ട് കുറയ്ക്കാവുന്നതാണ്.
റാഗി സൂപ്പ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
റാഗി, ഗ്രീൻപീസ്, ചെറിയ ഉളളി, പച്ചമുളക്, ഇഞ്ചി, വെളുത്തുളളി, ബീൻസ്. കുരുമുളക്പ്പൊടി, മഞ്ഞൾപ്പൊടി , ഉപ്പ്, വെളളം,എള്ളെണ്ണ
തയ്യാറാക്കേണ്ട വിധം
റാഗി സൂപ്പ് തയ്യാറാക്കാൻ മൺപാത്രമാണ് ഉത്തമം. പാത്രത്തിലേക്ക് രണ്ട് ടീസ്‌പൂൺ എള്ളെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടാകുമ്പോൾ ഒരു ടീസ്‌പൂൺ ജീരകം ഇട്ട് നന്നായി ഇളക്കികൊടുക്കുക. ജീരകത്തിന്റെ നിറത്തിൽ ചെറിയ മാറ്റം വരുന്ന സമയത്ത് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി,വെളുത്തുളളി,പച്ചമുളക്, ചെറിയ ഉളളി തുടങ്ങിയവ ചേർത്ത് നന്നായി ഇളക്കികൊടുക്കുക. ചെറിയ ഉളളിയുടെ നിറം മാറുന്ന സമയത്ത് അരിഞ്ഞുവച്ചിരിക്കുന്ന ക്യാരറ്റ്, ബീൻസ്, തുടങ്ങിയവ കൂടി ചേർത്ത് ഇളക്കുക. ഇവയോടൊപ്പം ഗ്രീൻബീൻസും ചേർക്കാൻ മറക്കരുത്. ശേഷം പാത്രം അടച്ചുവച്ച് 15 മിനിട്ട് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.
ഒരു കപ്പിൽ മൂന്ന് ടീസ്‌പൂൺ റാഗിപ്പൊടി എടുത്തതിന് ശേഷം ആവശ്യത്തിന് വെളളമൊഴിച്ച് ഒരു തരിപോലും അവശേഷിക്കാത്ത വിധം യോജിപ്പിച്ചെടുക്കുക. 15 മിനിട്ടിനുശേഷം പാത്രത്തിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ചുകൊടുക്കുക. അതിലേക്ക് വീണ്ടും ഒരു കപ്പ് വെളളം കൂടി ചേർക്കാൻ മറക്കരുത്, ആവശ്യത്തിന് മഞ്ഞൾപ്പൊടി,കുരുമുളക്പ്പൊടി, ഉപ്പ് തുടങ്ങിയവ ചേർത്ത് പാത്രം അടച്ചുവയ്ക്കുക. ശേഷം നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് സൂപ്പ് വറ്റിച്ചെടുക്കാവുന്നതാണ്. ദിവസേന രാത്രി ഭക്ഷണമായി ഈ സൂപ്പ് കുടിക്കാം.